3 മാസത്തിനകം സമിതി സർക്കാരിന് റിപ്പോർട്ട് നൽകും
ട്രേഡ് യൂണിയനുകളുടെ നിർദേശം അംഗീകരിച്ചു ; ആശമാരുടെ തൊഴിൽപ്രശ്‌നം പഠിക്കാൻ ഉന്നതതല സമിതി

തിരുവനന്തപുരം : ആശമാരുടെ തൊഴിൽ പ്രശ്‌നം പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ധനം, തൊഴിൽ, ആരോഗ്യം വകുപ്പുപ്രതിനിധികളും ഉണ്ടാകും. മൂന്നുമാസത്തിനകം സിമിതി റിപ്പോർട്ടു നൽകുമെന്ന് വിവിധ ട്രേഡ് യൂണിയനുകളും ആശാ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചർച്ചയ്‌ക്കുശേഷം മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര പദ്ധതിയായ ‘ആശ’യുടെ പേരിൽ സെക്രട്ടറിയറ്റിനുമുന്നിൽ എസ്‌യുസിഐ നടത്തുന്ന സമരത്തിന്റെ പശ്‌ചാത്തലത്തിലാണ് ട്രേഡ് യൂണിയൻ നേതാക്കളെ മന്ത്രി വീണാ ജോർജ് ചർച്ചയ്‌ക്ക് വിളിച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാലും ഓൺലൈനായി ചർച്ചയിൽ പങ്കെടുത്തു. നേരത്തെ രണ്ടുതവണ എസ്‌യുസിഐ നേതാക്കളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്‌ടിയു എന്നിവയുടെയും ആശാ വർക്കേഴ്‌സ് സംഘടനകളുടെ ഭാരവാഹികളും വ്യാഴാഴ്‌ച ചർച്ചയ്‌ക്കെത്തി. പകൽ മൂന്നിന് ആരംഭിച്ച ചർച്ച വൈകിട്ട് 6.05നാണ് അവസാനിച്ചത്.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് ആവശ്യമെന്ന് കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. അങ്ങനെയായാൽ മിനിമം വേതനം ഉറപ്പാകും. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രേഡ് യൂണിയൻ നേതാക്കൾ ചർച്ചയ്‌ക്കിടെ പ്രത്യേകം യോഗം ചേർന്നു. എസ്‌യുസിഐ നേതാക്കൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ ഉന്നയിച്ച നിർദേശമാണ് സമിതി വേണമെന്നത്. ഇത് സർക്കാർ അംഗീകരിക്കുകയായിരുന്നു. ഓണറേറിയം–- ഇൻസെന്റീവ് വർധന, വിരമിക്കൽ ആനുകൂല്യം, ആരോഗ്യ സുരക്ഷ ഉറപ്പാക്കൽ എന്നിവയിൽ ആശമാരിൽനിന്നും യൂണിയനുകളിൽനിന്നും സമിതി വിവരങ്ങൾ തേടും. ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ഉടൻ പ്രഖ്യാപിക്കണം എന്നായിരുന്നു എസ്‌യുസിഐയുടെ ആവശ്യം. ഓണറേറിയം വർധിപ്പിക്കുമെന്ന് മന്ത്രിമാർ ഉറപ്പുപറഞ്ഞിട്ടും അംഗീകരിച്ചില്ല.
തീരുമാനം നാളെ അറിയിക്കാമെന്ന് അറിയിച്ച് ചർച്ച അവസാനിപ്പിച്ച് പുറത്തിറങ്ങിയ എസ്‌യുസിഐക്കാർ, ചർച്ച പരാജയമാണെന്നും സമരം തുടരുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും മറ്റ് ട്രേഡ് യൂണിയൻ നേതാക്കളും സർക്കാരിന്റേത് നല്ല സമീപനമാണ് എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.









0 comments