‘ഈ സർക്കാർ ആശമാരുടെ അഭിമാനം’

നിലമ്പൂർ
കേന്ദ്രസർക്കാരിന് കീഴിലുള്ള സ്‌കീം വർക്കർമാരെ, തൊഴിലാളികളായി അംഗീകരിക്കണമെന്നതാണ് ആശമാരുടെ പൊതുആവശ്യമെന്ന് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് എം ബി പ്രഭാവതി പറഞ്ഞു. ഞങ്ങളെ ചേർത്തുപിടിക്കുകയും ആനുകൂല്യങ്ങൾ നൽകുകയും ചെയ്‌തത് എൽഡിഎഫ് സർക്കാരുകളാണ്. ഈ സർക്കാർ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്.
എസ്‌യുസിഐ ആശമാരുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന സമരം നാടകമാണ്. സംസ്ഥാന സർക്കാർ ഓണറേറിയം വർധിപ്പിക്കുമ്പോഴും ഇൻസെന്റീവ് കൂട്ടാത്ത കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻ അവർ തയ്യാറല്ല.
ആത്മാർഥതയുണ്ടെങ്കിൽ പാർലമെന്റിനുമുന്നിലേക്ക് സമരത്തിന് അവരെ ക്ഷണിക്കുകയാണ്. സ്‌കീം വർക്കേഴ്‌സിന്റെ കാര്യത്തിൽ ഉത്തരവാദിത്വമുള്ളത് കേന്ദ്രസർക്കാരിനാണ്. എന്നാൽ അതേക്കുറിച്ച് മിണ്ടാതെ സംസ്ഥാന സർക്കാരിനെതിരെ മാത്രം പറയുന്നത് രാഷ്‌ട്രീയമാണ്. എസ്‌യുസിഐ സംഘടനയുടെ ഭാരവാഹികൾ ആശമാരല്ല, അതിനാൽ അവർക്ക് ജോലിയും വേതനവും സംബന്ധിച്ച് കൃത്യമായി അറിയില്ല. വി എസ് സർക്കാരിന്റെ കാലത്താണ് ആശമാർക്ക് ആദ്യമായി ഓണറേറിയമായി 300 രൂപയും ഉത്സവബത്ത 500 രൂപയും അനുവദിച്ചത്. ഉമ്മൻചാണ്ടി സർക്കാർ അഞ്ചുവർഷംകൊണ്ട് 700 രൂപയാക്കിയെങ്കിലും എട്ടുമാസം കുടിശ്ശികയാക്കി. 14 ദിവസം തുടർച്ചയായി രാപകൽ സമരം നടത്തിയാണ് കുടിശ്ശിക അനുവദിപ്പിച്ചത്. പിന്നീട് എൽഡിഎഫ് സർക്കാരാണ് 7000 രൂപയാക്കി വർധിപ്പിച്ചത്. ഇപ്പോൾ കുറഞ്ഞത് 10,000 മുതൽ 15,000 രൂപവരെ വാങ്ങുന്നവരുണ്ട്. ആശമാർക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സർക്കാരാണ് കേരളത്തിലേത്. അതിനാൽ ഞങ്ങളുടെ അഭിമാനം സംരക്ഷിക്കുന്ന എൽഡിഎഫിന്റെ പ്രതിനിധിയായ എം സ്വരാജ് നിലമ്പൂരിൽ വിജയിക്കണം. ആശമാരുടെ പേരിലുള്ള കള്ളപ്രചാരണങ്ങളെ തള്ളിക്കളയണം–- പ്രഭാവതി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ പി വിജയ, സെക്രട്ടറി വി പി ഭവിത, സംസ്ഥാന ജോ. സെക്രട്ടറി കെ രമണി, ആർ സുജാത, ആർ മിനി, യു പി ജസ്‌ന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
0 comments