ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും 2016 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആയിരം രൂപ മാത്രമാണ് ആശമാര്‍ക്ക് ഓണറേറിയമായി നിശ്ചയിച്ചിരുന്നതെന്നും മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 മുതല്‍ ഇതുവരെ 6000 രൂപയുടെ വര്‍ധനവാണ് ഓണറേറിയത്തില്‍ ആശമാര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു
നിലവില്‍ 7,000 രൂപ ഓണറേറിയവും മറ്റ് ഇന്‍സെന്‍റീവുകളും ഉള്‍പ്പെടെ ഉദ്ദേശ ലക്ഷ്യത്തോടെ ജോലി ചെയ്യുന്ന ഒരു ആശയ്ക്ക് 13,000 രൂപ ഓണറേറിയവും ഇന്‍സെന്‍റീവും ലഭിക്കും. അതില്‍ കൂടുതല്‍ ലഭ്യമാകുന്ന ആശമാരുമുണ്ട്. അതില്‍ ഓണറേറിയവും ഇന്‍സെന്‍റീവുകളുടെ 40 ശതമാനവും ചേര്‍ത്ത് പതിനായിരത്തോളം രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ആയുഷില്‍ 1000 രൂപ ഒരു വിഭാഗം ആശമാര്‍ക്ക് ലഭിക്കുന്നുണ്ട്.അപ്പോള്‍ ശരിക്കും ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായാണോ ഇതുവരേയും ഇന്‍സെന്‍റീവ് ഉയര്‍ത്താത്ത കേന്ദ്രത്തിനെതിരായാണോ സമരം ചെയ്യേണ്ടത്.
ഇപ്പോള്‍ ഈ സമര കോലാഹലം ഒക്കെ ഉണ്ടാവുന്നതിന് എത്രയോ മുന്‍പ് ആശമാരുടെ ഇന്‍സെന്‍റീവ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 17/09/2024ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. അതിനുമുമ്പ് ആശമാരുടെ ഇന്‍സെന്‍റീവ് ഉള്‍പ്പെടെയുള്ള എന്‍എച്ച്എമ്മിന് നല്‍കാനുള്ള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്ത് അയക്കുകയും ചെയ്തു.കേരളത്തിലെ എം.പിമാരുടെ യോഗത്തില്‍ എന്‍.എച്ച്.എംന് ആശാ ഇന്‍സെന്‍റീവ് ഉള്‍പ്പെടെയുള്ള 2023-24 വര്‍ഷത്തിലെ കുടിശികയായ 636 കോടി രൂപ ലഭ്യമാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി









0 comments