നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് വിജയം

aryadan
വെബ് ഡെസ്ക്

Published on Jun 23, 2025, 02:14 PM | 2 min read

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെ‌ടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് വിജയം. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്ത് വിജയിച്ചത്. ആദ്യഘട്ടത്തിൽ ഇ‍ഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിലും പിന്നീട് യുഡിഎഫ് ലീഡ് നേടി. വർ​ഗീയ നിലപാടുകളോട് സന്ധി ചേരാതെ, ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ച‍് തെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചു.


വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാ​ഗം കൂടിയാണ് നിലമ്പൂർ നിയമസഭാ മണ്ഡലം. കഴിഞ്ഞ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർഥി പ്രിയങ്ക ​ഗാന്ധി 65132 വോട്ട് നേടിയ മണ്ഡലമെന്ന പ്രത്യേകത കൂടിയുള്ള നിലമ്പൂരില്‍ മികച്ച വെല്ലുവിളി ഉയർത്താൻ സ്വരാജിന് സാധിച്ചു.


vote share nilambur 25


ആര്യാടൻ ഷൗക്കത്തിന് 77737 വോട്ടും എം.സ്വരാജിന് 66660 വോട്ടും ലഭിച്ചപ്പോൾ മികച്ച പോരാട്ടം കാഴ്ചവെയ്ക്കുമെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടേ ഇരുന്ന രാജിവെച്ച സിറ്റിം​ഗ് എംഎൽഎ പി വി അൻവറിന് 19760 വോട്ട് നേടി. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 8648 വോട്ടും ലഭിച്ചു. 2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്.


ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. 2021ലെ നിലമ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു.


'ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടേന്ന് മുഖ്യമന്ത്രി പറഞ്ഞു. അതാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. അതിനു മറുപടി പറയാൻ പ്രിയങ്ക ഗാന്ധി പോലും തയ്യാറായില്ല. വർഗീയതയെ എതിർത്തുകൊണ്ടാണ് നിലമ്പൂരിൽ ആദ്യാവസാനം എൽഡിഎഫ് നിലപാട് സ്വീകരിച്ചത്'- എം വി ​ഗോവിന്ദൻ മാസ്റ്റർ തെരഞ്ഞെട‍‍ുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കി.


നിലമ്പൂർ മണ്ഡലത്തിൽ വഴിക്കടവ്‌ പഞ്ചായത്തിലെ വെള്ളക്കെട്ടിൽ പത്താം ക്ലാസ്‌ വിദ്യാർഥി അനന്തു മൃഗവേട്ടക്കാർ സ്ഥാപിച്ച പന്നിക്കെണിയിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ്‌ മരിച്ചിരുന്നു. ‘സർക്കാർ സ്‌പോൺസേർഡ്‌ കൊലപാതകം’ എന്ന്‌ വിശേഷിപ്പിച്ച്‌ ഹീനമായ രാഷ്‌ട്രീയ മുതലെടുപ്പിനാണ്‌ യുഡിഎഫ്‌ നേതാക്കൾ ശ്രമിച്ചത്‌. ഇത്തരത്തിൽ തെറ്റായ ആരോപണങ്ങളുന്നയിക്കുകയും വർ​ഗീയതയെ കൂട്ടുപിടിക്കുകയുമൊക്കെ ചെയ്തിട്ടും വോട്ടെണ്ണി തീരുന്നത് വരെ കനത്ത പോരാട്ടം കാഴ്ചവെയ്ക്കാൻ എൽഡിഎഫിനായി.


2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ 2025ലെ ഉപതിരഞ്ഞെടുപ്പിൽ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിം​ഗ് ശതമാനം 76.71 ആയിരുന്നു.


എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിം​ഗ് 70.99 ശതമാനം ആയിരുന്നു. എന്നാൽ 2025ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂ‍ർ നിയമസഭാ മണ്ഡലത്തിലെ പോളിം​ഗ് 61.91 ശതമാനം മാത്രമായിരുന്നു. ഈ നിലയിൽ സമീപകാലത്ത് കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പോളിം​ഗ് നടന്ന തെരഞ്ഞെടുപ്പ് കൂടിയായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മാറി



deshabhimani section

Related News

View More
0 comments
Sort by

Home