യുവാവിനെ തട്ടിക്കൊണ്ടുപോയവർ അറസ്റ്റിൽ

മംഗലപുരം: കാറിൽ മറ്റൊരു കാറിടിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഹണിട്രാപ് കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ. നെയ്യാറ്റിൻകര ചായികോട്ടുകോണം മരുതൂർ കാർത്തിക് നിവാസിൽ കാർത്തിക് (24), കരുനാഗപ്പള്ളി പനയന്നാർകാവ് വടക്കുംതല ചാമവിള കിഴക്കതിൽ വീട്ടിൽ സബീർ (28), തൊടിയൂർ കല്ലേലികടവിക്കാട് വീട്ടിൽ റമീസ് (36) എന്നിവരെയാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ വെഞ്ഞാറമൂട് സ്വദേശി റാഷിദിനെ പൊലീസ് മോചിപ്പിച്ചു.
ചൊവ്വ പകൽ കഠിനംകുളത്തായിരുന്നു സംഭവം. റാഷിദും സുഹൃത്തും സഞ്ചരിച്ച കാറിൽ മര്യനാടുവച്ച് മൂന്നുപേർ കാറിടിപ്പിച്ചു. തുടർന്ന് റാഷിദിനെ സംഘം മറ്റൊരു കാറിൽ കയറ്റിക്കൊണ്ടുപോയി. സാമ്പത്തിക തർക്കമാണ് പിന്നിലെന്നാണ് നിഗമനം. ഒപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയാണ് കഠിനംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
വാഹനങ്ങൾ മാറ്റി സഞ്ചരിച്ച സംഘം യുവാവിനെ അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി മർദിച്ചു. തിരികെ വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്നതായി വിവരം ലഭിച്ച പൊലീസ് ഇവരെ പിന്തുടർന്നാണ് റാഷിദിനെ മോചിപ്പിച്ചത്.
ഇതിനിടെ മുഖ്യപ്രതി കാർത്തിക് ഓടി രക്ഷപ്പെട്ടു. ഇയാളെ കഴക്കൂട്ടത്തുനിന്ന് പിടികൂടി. കാർത്തിക് കഴിഞ്ഞ മേയിൽ കഴക്കൂട്ടത്ത് ഹണിട്രാപ്പിലൂടെ യുവാവിനെ വിളിച്ചു വരുത്തി ആഡംബര കാറും സ്വർണവും തട്ടിയെടുത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
പ്രതികൾ ഉപയോഗിച്ച മൂന്ന് കാറും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായി കഠിനംകുളം പൊലീസ് പറഞ്ഞു.









0 comments