താൽക്കാലിക വിസി നിയമനം

ഹൈക്കോടതി വിധി സർവകലാശാല കാവിവത്കരണത്തിനേറ്റ കനത്ത തിരിച്ചടി: എം വി ​ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on Jul 15, 2025, 09:03 AM | 1 min read

കണ്ണൂർ: സർവകലാശാലകളിൽ ഗവർണർമാരുടെ നേതൃത്വത്തിൽ നടക്കുന്ന കാവിവത്കരണത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സർക്കാർ നിലപാടാണ് ശരി എന്നാണ് കോടതി വിധിയിലൂടെ വ്യക്തമായി.


വി സിമാരുടെ നിയമനം വളരെ പ്രധാനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ തലവനായ വി സി ഇല്ലാതിരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വിദ്യാർഥികളെയും ബാധിക്കും. അതാണ് കോടതി ഇപ്പോൾ ചൂണ്ടി കാണിച്ചിരിക്കുന്നത്. ​ഗവർണർ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ തീക്കളിയാണെന്ന് ഹൈക്കോടതി ഓർമിപ്പിച്ചെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


പ്രതിപക്ഷ നേതാവിൻ്റേതും യുഡിഎഫിന്റേതും കാവിവത്കരണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ്. ​ഗുരുപൂജ ഉൾപ്പെടെയുള്ള പ്രാകൃത നടപടികളെ അനുകൂലിക്കുന്ന നിലപാട് ഫ്യൂഡൽ ജീർണതയാണ്. ​ഗവർണർ ഉൾപ്പെടെയുള്ളവർ പ്രാകൃത മനസിന്റെ തടവറയിലാണ്. കാവിവത്കരണത്തിനെതിരായ സമരം തുടരുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


വി സി നിയമന കേസിൽ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. താത്ക്കാലിക വി സി നിയമനം സർക്കാർ പട്ടികയിൽ നിന്ന് വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. സർവകലാശാലകളിലേക്ക് താത്ക്കാലിക വി സിമാരെ നിയമിച്ച ഗവർണറുടെ നടപടി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗവർണർ സമർപ്പിച്ച അപ്പീൽ ഹർജി തിങ്കളാഴ്ച ഡിവിഷൻ ബെഞ്ച് തള്ളി.



deshabhimani section

Related News

View More
0 comments
Sort by

Home