ജനകേന്ദ്രീകൃതമാകണം നഗരനയം : അനുര കരുണതിലക

കേരള അർബൻ കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയനും ശ്രീലങ്കൻ നഗരാസൂത്രണ മന്ത്രി അനുര കരുണതിലകയും സൗഹൃദ സംഭാഷണത്തിൽ
കൊച്ചി
നഗരനയം ജനകേന്ദ്രീകൃതമാകണമെന്ന് ശ്രീലങ്ക നഗരവികസനമന്ത്രി അനുര കരുണതിലക. നഗരനയം അടിസ്ഥാനസൗകര്യങ്ങളും സാന്പത്തികവളർച്ചയും മാത്രം പരിഗണിക്കുന്നതാകരുതെന്നും ജനങ്ങളുടെയും സമൂഹത്തിന്റെയും നല്ലജീവിതം ലക്ഷ്യമിട്ടുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള അർബൻ കോൺക്ലേവ് ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക തുല്യതയും ഭരണനിർവഹണത്തിലെ ജനപങ്കാളിത്തവും നയത്തിൽ നിർണായകമാണ്. ദേശീയ പരിഗണനകൾ, പ്രാദേശിക സമീപനങ്ങൾ, താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്നു തട്ടുകളിലായാണ് ശ്രീലങ്കയുടെ നഗരാസൂത്രണം. നഗരവൽക്കരണത്തെ ഏകോപിപ്പിക്കുന്നത് ഇൗ സംവിധാനങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികൾ കേരളംപോലെ ശ്രീലങ്കയും അഭിമുഖീകരിക്കുന്നു. പരന്പാരാഗത അറിവുകളുടെയും ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ വിജ്ഞാനത്തെയും സമന്വയിപ്പിച്ച് ഇൗ പ്രശ്‌നങ്ങൾ പരിഹരിക്കണം. വെല്ലുവിളികൾ അതിജീവിക്കാനും വളർച്ച കൈവരിക്കാനും പരസ്‌പരം സഹകരണത്തിന്റെ പാതയിൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.









0 comments