പൃഥ്വിരാജിന്‌ പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്‌

antony perumbavoor
വെബ് ഡെസ്ക്

Published on Apr 06, 2025, 08:39 AM | 2 min read

കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക്‌ പിന്നാലെ നിർമാതാവ്‌ ആന്റണി പെരുമ്പാവൂരിനും നോട്ടീസ്‌ നൽകി ആദായ നികുതി വകുപ്പ്‌. സംവിധായകൻ പൃഥ്വിരാജിന്‌ നോട്ടീസ്‌ നൽകിയതിന്‌ പിന്നാലെയാണ്‌ ആന്റണിക്കെതിരെയുള്ള നടപടി. സിനിമയുടെ നിർമാതാവായ ഗോകുലം ഗോപാലന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയതിന്‌ പിന്നാലെയാണ്‌ പൃഥ്വിരാജിനും ആന്റണിക്കും ആദായ നികുതി വകുപ്പ്‌ നോട്ടീസ്‌ നൽകിയിരിക്കുന്നത്‌.


ആശിർവാദ് ഫിലിംസിൽ 2022ൽ നടന്ന റെയ്ഡിന്റെ തുടർ നടപടിയാണ്‌ ആന്റണിക്ക്‌ നോട്ടീസ്‌ നൽകിയതിലെ ആദായ നികുതി വകുപ്പിന്റെ വിശദീകരണം. ലൂസിഫർ, മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്ന്‌ നോട്ടീസിൽ ആവശ്യപ്പെടുന്നു. ദുബായിൽ വച്ച് മോഹൻലാലിന് രണ്ടരക്കോടി കൈമാറിയതിലും ആന്റണിയോട്‌ ആദായ നികുതി വകുപ്പ് വ്യക്തത തേടിയിട്ടുണ്ട്.


പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങളടക്കം തേടിയാണ് പൃഥ്വിരാജിന്‌ നോട്ടീസ് നൽകിയത്‌. സഹനിർമാതാവെന്ന നിലയിൽ പൃഥ്വിരാജ് 40 കോടി രൂപ കൈപ്പറ്റിയെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പറയുന്നു. ഈ മാസം 29നകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. 2022 മുതൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പേരിലാണ് അന്വേഷണം. നോട്ടീസ് അയയ്ക്കുന്നത് സ്വാഭാവികമായ നടപടിയാണെന്ന് ആദായ നികുതി വകുപ്പ് പറയുന്നു.


എമ്പുരാൻ ചിത്രത്തിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം വ്യാപകമായതിനു പിന്നാലെയാണ് സിനിമയുടെ സംവിധായകൻ, നിർമാതാക്കൾ എന്നിവർക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടികളെടുത്തത്‌. രണ്ട്‌ ദിവസമായി ചെന്നൈയിലെ വസതിയിൽ ചോദ്യം ചെയ്യുന്ന ഗോകുലം ഗോപാലനെ ഇന്നും ചോദ്യം ചെയ്യുമെന്നാണ് വിവരം.


​ഗുജറാത്ത് വം​ശഹത്യ ചിത്രീകരിച്ചതിനെത്തുടർന്നാണ് ചിത്രത്തിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം വ്യാപകമായത്. തുടർന്ന് സിനിമയിൽ 24 വെട്ടുകൾ നടത്തി എഡിറ്റ് ചെയ്ത് പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു.


ലോകത്തിനു മുന്നിൽ ഇന്ത്യ 
മോശമാകും: വൈശാഖൻ


എമ്പുരാൻ സിനിമ നിർമാതാവിനും സംവിധായകനുമെതിരെയുള്ള ഇഡി, ആദായ നികുതി വകുപ്പ്‌ നടപടികൾ ലോകത്തിനുമുന്നിൽ ഇന്ത്യയെ മോശമാക്കും. ഫാസിസ്റ്റ്‌ അധികാര പ്രയോഗമാണിത്‌. ഭയപ്പെടുത്തി കീഴടക്കാനുള്ള നീക്കം.

എമ്പുരാൻ സത്യം ചിത്രീകരിച്ച സിനിമയാണ്‌. ചിത്രം റീ എഡിറ്റ്‌ ചെയ്‌താലും സത്യം ജനമനസ്സിലും ചരിത്രത്തിലും ഉണ്ടാകും. അസത്യം മാത്രം പറയുന്ന കേരള സ്റ്റോറിക്കെതിരെ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ആരും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കിയില്ലല്ലോ.



deshabhimani section

Related News

View More
0 comments
Sort by

Home