തരൂരിനോട് സഹതാപമെന്ന് വേണു​ഗോപാൽ; കുടുംബവാഴ്ചക്കെതിരായ ലേഖനത്തിൽ വിമർശനം

K C Venugopal Shashi Tharoor

കെ സി വേണു​ഗോപാൽ, ശശി തരൂർ

വെബ് ഡെസ്ക്

Published on Nov 06, 2025, 04:54 PM | 1 min read

ന്യൂഡൽഹി: കോൺ​ഗ്രസിലെ കുടുംബവാഴ്ചക്കെതിരെ പരസ്യവിമർശനമുന്നയിച്ച, കോൺഗ്രസ്‌ പ്രവർത്തക സമിതിഅംഗവും മുതിർന്ന നേതാവുമായ ശശി തരൂരിനെ വിമർശിച്ചം പരിഹസിച്ചും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ഇന്ദിരാ​ഗാന്ധിയും രാജീവ് ​ഗാന്ധിയും നാടിനായി ജീവൻ നൽകിയവരാണ്. അവർ കുടുംബാധിപത്യത്തിന്റെ ഭാ​ഗമായി വന്നവരാണെന്ന് പറയുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവരോട് സഹതാപം മാത്രമാണെന്ന് വേണു​ഗോപാൽ പറഞ്ഞു.


എന്തുകൊണ്ടാണ് അത്തരത്തിലൊരു പ്രതികരണമെന്ന് തരൂരിനോട് ചോദിക്കണം. തെരഞ്ഞെടുപ്പ് രം​ഗത്ത് ഉൾപ്പെടെ കഴിവ് തെളിയിച്ചവരാണ് നെഹ്റു കുടുംബം. ഇന്ത്യയിലെ ജനകോടികളുടെ അം​ഗീകാരം നേടിയിട്ടുണ്ട് അവർ. ഇത് കുടുംബാധിപത്യമാണെന്ന് പറയുന്നത് ഒരു കാരണവശാലും നീതികരിക്കപ്പെടില്ലെന്നും വേണു​ഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.


നെഹ്‌റു കുടുംബത്തെ നേരിട്ട്‌ ആക്രമിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മംഗളം ദിനപത്രത്തിൽ തരൂർ ലേഖനമെഴുതിയത്. നെഹ്‌റു മുതൽ പ്രിയങ്ക ഗാന്ധിവരെയുള്ളവരെ രൂക്ഷമായ ഭാഷയിൽ ലേഖനത്തിൽ തരൂർ വിമർശിക്കുന്നുണ്ട്. ‘സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ഇഴചേർന്നിരിക്കുന്നതാണ്. എന്നാൽ, രാഷ്‌ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാർടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു’ എന്നാണ്‌ ലേഖനം ആരംഭിക്കുന്നത്‌.


പരിചയത്തിനേക്കാൾ പാരമ്പര്യത്തിന്‌ മുൻഗണന നൽകുന്ന രീതി ശരിയല്ല. ഇത്‌ ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്‌ക്കും. സ്ഥാനാർഥിയുടെ യോഗ്യത കുടുംബപ്പേര്‌ മാത്രമാകുകയാണ്‌. മണ്ഡലത്തിലെ ജനങ്ങളോട്‌ ഇവർ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലർത്തുന്നവർക്ക്‌ പ്രകടനം മോശമായാൽ ജനങ്ങളോട്‌ കണക്ക്‌ പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന്‌ അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്‌കരണംകൂടി വേണം– തരൂർ ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home