പാട്ടും പ്രസംഗവും കലാപരിപാടികളും; ലഹരിയെ മത്സരിച്ച് തോൽപ്പിക്കാൻ കുട്ടികൾ


ബിജോ ടോമി
Published on Jul 02, 2025, 10:51 AM | 1 min read
തിരുവനന്തപുരം: ലഹരിയെ തോൽപ്പിക്കാൻ പാട്ടും പ്രസംഗവും കലാപരിപാടികളുമായി കുട്ടിക്കൂട്ടമൊരുങ്ങുന്നു. 2026 ജനുവരി 30 വരെ അഞ്ചാംഘട്ട ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് സ്‌കൂളുകളിലെ പരിപാടികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കലണ്ടർ തയ്യാറാക്കി.
ആഗസ്‌ത് ഒന്ന് ലോക സൗഹൃദ ദിനത്തിൽ സ്‌കൂളുകളിൽ കവിതാരചന, പെയിന്റിങ്, ചെറുകഥരചന, റീൽസ് നിർമാണം, സംവാദ മത്സരം, ക്വിസ്, ഉപന്യാസം, പ്രസംഗ മത്സരം. തുടർന്ന് തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധ ക്ലാസും ലഹരി വിരുദ്ധറാലിയും.
‘ഹരിതം ലഹരി രഹിതം’ മുദ്രാവാക്യമുയർത്തി ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രത്യേക പരിപാടി, സ്വാതന്ത്ര്യദിനത്തിൽ ‘ലഹരിയിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കൽ’ എന്നീ പരിപാടികൾ. ‘ഹരം തരില്ല ലഹരി’, ‘മയങ്ങില്ലീ മലയാളം’ എന്നീ സംവാദ മത്സരങ്ങളും നടക്കും. കോളേജ് വിദ്യാർഥികൾ ബീച്ചിലും പാർക്കിലും മാർക്കറ്റിലും മാളുകളിലും ഫ്ലാഷ് മോബ് അവതരിപ്പിക്കും.
പൊതുജനങ്ങളും കരുക്കൾ നീക്കും
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുഇടങ്ങളിൽ ലഹരിക്കെതിരെ ചെസ് മത്സരം സംഘടിപ്പിക്കും. മികച്ച ലഹരിവിരുദ്ധ പ്രവർത്തനം നടത്തുകയും കൂടുതൽ കുടുംബങ്ങളെ ലഹരിമുക്‌തമാക്കുകയും ചെയ്യുന്ന റെസിഡന്റ്‌സ് അസോസിയേഷനുകൾക്ക് പാരിതോഷികം നൽകും. സ്‌കൂൾ –- കോളേജ് പരിസരങ്ങളിൽ ലഹരി വിൽപ്പനയില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.









0 comments