പരീക്ഷക്കിടെ വിദ്യാർഥിയുടെ ഉത്തരക്കടലാസ് തടഞ്ഞു വെച്ചു: നിരീക്ഷകന് സസ്പെൻഷൻ

SUSPENDED
വെബ് ഡെസ്ക്

Published on Mar 25, 2025, 03:45 PM | 1 min read

മലപ്പുറം : പ്ലസ് ടു പരീക്ഷക്കിടെ വിദ്യാർഥിയുടെ ഉത്തരക്കടലാസ് തടഞ്ഞു വെച്ച നിരീക്ഷകനെതിരെ അച്ചടക്ക നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. വേങ്ങര കുറ്റൂർ നോർത്ത് കെ എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥിനിയാണ് പരാതി നൽകിയത്. പരീക്ഷ എഴുതുന്നതിനിടെ തിരിഞ്ഞു നോക്കി എന്ന കാരണമ പറഞ്ഞ് അധ്യാപകൻ അര മണിക്കൂറോളം ഉത്തരക്കടലാസ് പിടിച്ചു വെച്ചതായാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച സാമ്പത്തിക ശാസ്ത്രം പരീക്ഷക്കിടെയായിരുന്നു സംഭവം. പരീക്ഷ തീരാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് ഉത്തരക്കടലാസ് അധ്യാപകൻ തിരികെ നൽകിയത്.


സമ്മർദ്ദത്തിലായ വിദ്യാഥിക്ക് പിന്നീട് ഒന്നും എഴുതാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ വിദ്യാഥി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. ഇതേ സ്കൂളിൽ നിന്നും എസ്എസ്എൽ സി പരീക്ഷക്ക് ഫുൾ എ പ്ലസ് ഗ്രേഡ്, ഈ കുട്ടി കരസ്ഥമാക്കിയിട്ടുണ്ട്. പരീക്ഷ നടക്കുമ്പോൾ സംഭവിച്ച വീഴ്ച നിരീക്ഷകനോ വിദ്യാർഥിയോ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നില്ല.


പത്ത്, പ്ലസ് വൺ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥിക്കാണ് പ്ലസ് ടൂ പരീക്ഷയിൽ ഇത്തരത്തിലൊരു ബുദ്ധിമുട്ട് നേരിട്ടതെന്നും വീണ്ടും പരീക്ഷ എഴുതാൻ സംവിധാനമൊരുക്കണമെന്നും കാണിച്ചാണ് രക്ഷിതാക്കൾ പരാതി നൽകിയത്. സംഭവത്തിൽ മലപ്പുറം ആർഡിഡി സംസ്ഥാന ഡിജിഇക്ക് റിപ്പോർട്ട് സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാജഹാനാണ് കഴിഞ്ഞ ദിവസം സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്



deshabhimani section

Related News

View More
0 comments
Sort by

Home