അഞ്ജലി അണിയും വിയർപ്പ് തുന്നിയ ഡോക്ടർകുപ്പായം

പി മഷൂദ്
Published on Jun 20, 2025, 02:15 AM | 1 min read
തൃക്കരിപ്പൂർ (കാസർകോട്)
എംബിബിഎസ് ബിരുദം ഏറ്റുവാങ്ങി അച്ഛനും അമ്മയ്‌ക്കും നടുവിൽ സന്തോഷക്കണ്ണീരണിയുന്ന അഞ്ജലി. മാലിന്യക്കൂമ്പാരത്തിൽനിന്ന് ആക്രി പെറുക്കിവിറ്റ് മകളെ ഡോക്ടറാക്കിയ മറുനാട്ടുകാരായ മുത്തുവും മാരിമുത്തുവും സ്വപ്‌നം കണ്ടതാണ് ഈ രംഗം. വെല്ലുവിളികളെ കൂസാതെ മക്കളുടെ ആഗ്രഹങ്ങൾക്കൊപ്പം നിരന്തരം സഞ്ചരിക്കാൻ സകല അച്ഛനമ്മമാർക്കും പ്രചോദനമാകുന്ന ഈ ദമ്പതികൾ ഇന്ന് മടിവയൽകാരുടെ സൂപ്പർ ഹീറോകളാണ്.
ഇരുപത് വർഷം മുമ്പ് മറുനാട്ടിൽനിന്ന് ഉപജീവനം തേടി തൃക്കരിപ്പൂർ മടിവയലിലെത്തിയതാണ് മുത്തുവും മാരിമുത്തുവും. മക്കൾ രേവതി, അഞ്ജലി, സൂര്യകുമാർ. ഗ്രാമങ്ങൾതോറും അലഞ്ഞ് ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റായിരുന്നു ജീവിതം. സ്‌കൂൾ വിട്ടുവന്നാൽ അഞ്ജലിയും സഹോദരങ്ങളും ആക്രി സാധനങ്ങൾ തരംതിരിക്കാനും മറ്റുമുള്ള തിരക്കിലാകും. ചെറുവത്തൂർ വെൽഫെയർ സ്കൂളിലായിരുന്നു ഏഴുവരെ പഠനം. എല്ലാ ക്ലാസിലും ഒന്നാമത്. മുഴുവൻ വിഷയത്തിലും എ പ്ലസോടെ പീലിക്കോട് ഗവ. ഹയർസെക്കൻഡറിയിൽനിന്ന് എസ്‌എസ്‌എൽസിയും കുട്ടമത്ത് ഗവ. ഹയർസെക്കൻഡറിയിൽനിന്ന് പ്ലസ്‌ടുവും പൂർത്തിയാക്കി അഞ്ജലി.
മടിച്ചുമടിച്ചാണ് ഡോക്ടറെന്ന സ്വപ്‌നത്തെക്കുറിച്ച് അഞ്ജലി വെളിപ്പെടുത്തിയത്. വിറ്റുപെറുക്കിയാണെങ്കിലും മകൾക്കൊപ്പം നിൽക്കാനായിരുന്നു അച്ഛനമ്മമാരുടെ തീരുമാനം. കൂടുതൽ സമയം ആക്രി ശേഖരിച്ചും പണിയെടുത്തും കടം വാങ്ങിയും മകളുടെ പഠനം പൂർത്തിയാക്കി. സ്വകാര്യ സ്ഥാപനത്തിൽനിന്ന് എൻട്രൻസ് പരിശീലനവും നേടി. കോയമ്പത്തൂർ എം ജി ആർ സർവകലാശാലയിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കി പിജി പഠനത്തിന് തയ്യാറെടുക്കുകയാണ്. പഠിച്ചുയരാൻ ചിറകുനൽകിയ കേരള മോഡൽ പൊതുവിദ്യാഭ്യാസത്തിന്റെ ബ്രാൻഡ് അംബാസഡറാണ് അഞ്ജലി.
ചൊവ്വാഴ്‌ച ബിരുദദാനച്ചടങ്ങിന് അഞ്ജലിയും കുടുംബം കോയമ്പത്തൂരിൽ എത്തിയിരുന്നു. വർഷങ്ങളോളം വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഇവർ ഏതാനും വർഷംമുമ്പാണ് സ്ഥലം വാങ്ങി വീടുവച്ചത്. പയ്യങ്കിയിൽ ആക്രിക്കടയും ആരംഭിച്ചിട്ടുണ്ട്. രേവതി തപാൽ വകുപ്പിലും സൂര്യകുമാർ ഡിപ്ലോമ പഠനം പൂർത്തിയാക്കി കൊറിയർ കമ്പനിയിലും ജോലിചെയ്യുന്നു.









0 comments