അങ്കമാലി–ശബരി പാത ; ഭൂമി ഏറ്റെടുക്കുന്നതിന് ഓഫീസുകൾ വീണ്ടും തുറക്കും

തിരുവനന്തപുരം
അങ്കമാലി - ശബരി റെയിൽപ്പാതയുടെ നിർമാണ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കാൻ സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിർത്തലാക്കിയ ലാന്റ് അക്വിസിഷൻ ഓഫീസുകൾ വീണ്ടും തുറക്കും. അവിടങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. റെയിൽവേ ഉന്നതസംഘത്തിന്റെ സന്ദർശനത്തോടെ നിർമാണം തുടങ്ങാനുള്ള നടപടി ആരംഭിക്കാൻ കഴിയുമെന്ന് യോഗശേഷം മന്ത്രി പറഞ്ഞു.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കലക്ടർമാരും കെആർഡിസി എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ, റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവരാണ് ബുധനാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തത്. ശബരിപാതയ്ക്കു വേണ്ടി മൂന്ന് ജില്ലകളിലായി 204 ഹെക്ടർഏറ്റെടുക്കണം. എറണാകുളം ജില്ലയിൽ ആവശ്യമായ 152 ഹെക്ടറിൽ 24.40 ഹെക്ടർ നേരത്തേ ഏറ്റെടുത്തതാണ്. ശബരി റെയിൽപ്പാത നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി അബ്ദുറഹിമാനും കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഡൽഹിയിൽ കഴിഞ്ഞയാഴ്‌ച നടത്തിയ ചർച്ചയിലാണ് തീരുമാനിച്ചത്. കേന്ദ്രത്തിൽ നിന്നുള്ള റെയിൽവേ ഉന്നത സംഘം വൈകാതെ കേരളത്തിലെത്തും. അതിനുശേഷം ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും. 2021 മുതൽ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിക്കുകയായിരുന്നു.









0 comments