പ്രതിരോധിച്ചത്‌ കേരളം മാത്രം

ഏഷ്യയിൽ കൂടുതൽ വിളർച്ച ബാധിതർ ഇന്ത്യയിലെന്ന്‌ ലോകാരോഗ്യ സംഘടന

ANEMIA.j
avatar
വൈഷ്ണവ് ബാബു

Published on Sep 13, 2025, 10:25 PM | 2 min read

തിരുവനന്തപുരം: സ്ത്രീകളിലെ, പ്രത്യേകിച്ച്‌ ഗർഭിണികളിലെ വിളർച്ച (അനീമിയ) പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെടുമ്പോൾ മാതൃകയായി കേരളാ മോഡൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുപ്രകാരം ഗർഭിണികളായ വിളർച്ച ബാധിതർ കുറഞ്ഞ സംസ്ഥാനങ്ങളിലൊന്ന്‌ കേരളമാണ്‌. ‘നാഷണൽ ഫാമിലി ഹെൽത്ത് സർവേ –5 റിപ്പോർട്ടിൽ രാജ്യത്തെ ഗർഭിണികളിൽ 53 ശതമാനംപേർക്കും വിളർച്ച ബാധിച്ചു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും (78.1 ശതമാനം) തൃണമൂൽ കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചിമ ബംഗാളിലും (62.3 ശതമാനം) ജെഡിയു– ബിജെപി സർക്കാർ ഭരിക്കുന്ന ബിഹാറിലുമാണ്‌ (63.1 ശതമാനം) കൂടുതൽ വിളർച്ചബാധിതർ. കേരളത്തിലിത്‌ 31 ശതമാനത്തിലേക്ക്‌ പിടിച്ചുകെട്ടാനായി. തൊട്ടുമുന്നിൽ നാഗാലാൻഡും( 22) അരുണാചൽപ്രദേശും (27) ഉണ്ട്‌.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏഷ്യയിൽ ഇന്ത്യയിലാണ്‌ വിളർച്ചബാധിതരായ ഗർഭിണികൾ കൂടുതലുള്ളത്‌. ഇതിനെ പ്രതിരോധിക്കാൻ രാജ്യവ്യാപകമായി കാര്യക്ഷമമായ പദ്ധതികളില്ല. പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ -ഫണ്ട്‌ അനുവദിച്ചിട്ടുമില്ല. കേരളം ഒഴികെയുള്ള ഒരു സംസ്ഥാനവും തനത്‌ പദ്ധതികൾ ഏറ്റെടുത്തിട്ടില്ല.

കേരളത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി വിളർച്ച കണ്ടെത്താനും ചികിത്സിക്കാനുമുള്ള പരിശോധനകളും സൗജന്യ മരുന്ന് വിതരണവും നടത്തുന്നുണ്ട്‌. ഗർഭകാല പരിചരണത്തെക്കുറിച്ചും പോഷകാഹാരക്കുറവ് തടയാനും ബോധവൽക്കരണവും നൽകുന്നു.

2023 ഫെബ്രുവരിയിൽ ആരംഭിച്ച വിവ കേരളം ജനകീയ കാമ്പയിനിലൂടെ പ്രതിരോധപ്രവർത്തനങ്ങൾ ഉ‍ൗർജിതമാക്കി. സംസ്ഥാനത്തെ 15 മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ പരിശോധനയ്‌ക്കുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ ചികിത്സ ഉറപ്പാക്കി. 15 വയസിനുതാഴെയുള്ള പെൺകുട്ടികൾക്ക്‌ സ്കൂളുകളിൽ പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്‌.

വിളർച്ച എങ്ങനെ തിരിച്ചറിയാം

​രക്തപരിശോധനയിലൂടെ വിളർച്ചയെ തിരിച്ചറിയാം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. ഗർഭിണികളിൽ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിൻ ഉണ്ടായിരിക്കണം. ഇതിൽ കുറവാണ് ഹീമോഗ്ലോബിനെങ്കിൽ വിളർച്ചയായി കണക്കാക്കാം. വിളറിയ ചർമം, ക്ഷീണം, ഉത്സാഹമില്ലായ്മ, തലവേദന, തലകറക്കം തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ.


പ്രതികരണം

 IMAGE.
ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ 45.7 ശതമാനം ഗർഭിണികളും വിളർച്ചാ ബാധിതരാണ്‌. സംസ്ഥാനം തനത്‌ പദ്ധതികൾ ആവിഷ്കരിക്കാത്തതിനാൽ പൂർണമായി പരിശോധന നടത്താനോ ചികിത്സ ഉറപ്പുവരുത്താനോ സാധിക്കുന്നില്ല. കൂടാതെ മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലാണ്. ഡോക്ടർമാർക്ക് ശമ്പളം കുറവാണ്, നഴ്‌സുമാർ സ്ഥിരം ജോലി ആവശ്യപ്പെട്ട് പണിമുടക്കുന്നു. ഈ സംവിധാനത്തിന്റെ നട്ടെല്ലായ ആശാ തൊഴിലാളികൾ തുച്ഛമായ വേതനത്തിലും സാമൂഹിക സുരക്ഷയില്ലാതെയും ജോലി ചെയ്യുന്നത് തുടരുന്നു. മിക്ക ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവമുണ്ട്. സൗകര്യങ്ങൾ ഉള്ളിടത്ത് പോലും അവ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യമുള്ള ഡോക്ടർമാരില്ല.

തൽഹ ഷെയ്ഖ്‌

മഹാരാഷ്ട്ര, നാസിക്‌ സ്വദേശി




deshabhimani section

Related News

View More
0 comments
Sort by

Home