മാനവികതയുടെ കൈത്താങ്ങ്

മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച അനീഷയ്ക്ക് വീട്ടിലിരുന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതാൻ അനുമതി

aneeshavsivankutty
വെബ് ഡെസ്ക്

Published on Nov 06, 2025, 03:48 PM | 2 min read

തിരുവനന്തപുരം: മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച അനീഷ അഷ്റഫിന് വീട്ടിലിരുന്ന് പത്താംതരം തുല്യതാ പരീക്ഷ എഴുതാൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അനുമതി നൽകി. അനീഷയുടെ പ്രത്യേക ശാരീരിക അവസ്ഥ പരിഗണിച്ച് ഇത് ഒരു പ്രത്യേക കേസായാണ് കണക്കാക്കിയതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


32 വയസ്സുള്ള അനീഷയ്ക്ക് എട്ടാം വയസ്സിലാണ് പേശികൾ ക്രമേണ നശിക്കുന്ന ഈ രോഗം പിടിപെട്ടത്. 11 വയസ്സായപ്പോഴേക്കും നടക്കാൻ കഴിയാതെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. നിലവിൽ കസേരയിൽ ഇരിക്കാൻ പോലും പ്രയാസമുള്ള അവസ്ഥയിലാണ് തൃശ്ശൂർ തളിക്കുളം സ്വദേശിയായ അനീഷ.


2023-ൽ ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരതാമിഷൻ പ്രത്യേക അനുമതി നൽകുകയും അവർ വിജയിക്കുകയും ചെയ്തിരുന്നു. കൂടാതെ, 2021-ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ 'ഉണർവ്വ്' എന്ന ഓൺലൈൻ മത്സരത്തിൽ അവർ എഴുതിയ കഥയ്ക്ക് തൃശ്ശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിക്കുകയും, 2023-ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.


പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിക്കണമെന്ന അനീഷ അഷ്റഫിന്റെ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ സർക്കാർ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്.


ഇതിനായി പരീക്ഷാർത്ഥിയുടെ സൗകര്യത്തിനായി വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കും. ഈ മുറിയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ. പരീക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി പരീക്ഷാ പേപ്പർ ഉൾപ്പെടെയുള്ളവ അധികാരികളെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്വം ഇൻവിജിലേറ്റർക്കായിരിക്കും.


പരീക്ഷാ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പരീക്ഷാഭവൻ സെക്രട്ടറി ഏർപ്പെടുത്തേണ്ടതും വിവരം വിദ്യാർത്ഥിയെ അറിയിക്കേണ്ടതുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷ അഷ്റഫിന്റെ ഇച്ഛാശക്തി മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home