അനീഷിന്റെ ചിത്രങ്ങൾക്കൊപ്പം കളിക്കാൻ ഒരുപാട് കൂട്ടുകാരുണ്ടിവിടെ


സി ജെ ഹരികുമാർ
Published on May 12, 2025, 03:02 PM | 2 min read
പത്തനംതിട്ട: ചുവരിലെ വലിയ മത്സ്യം, ഫുട്‌ബോൾ കളിക്കുന്ന കുട്ടികൾ, ആരെയും ആകർഷിക്കുന്ന ആനക്കുട്ടി. ചുവർചിത്രമോ അതോ ഫോട്ടോയോ എന്ന് ആർക്കും തെല്ല് സംശയം തോന്നും. പത്തനംതിട്ട നഗരസഭ ബസ് സ്‌റ്റാൻഡിന് സമീപത്തെ ഹാപ്പിനെസ് പാർക്കിന്റെ നിർമാണം പുരോഗമിക്കുമ്പോൾ ഏവരെയും ഒരേ സമയം അദ്‌ഭുതപ്പെടുത്തുകയാണ് അനീഷ് വെട്ടിപ്പുറം എന്ന യുവ ചിത്രകാരൻ.
പാർക്കിൽ ഓരോ ദിവസവും പൂർത്തിയാക്കുന്ന ചിത്രങ്ങൾ കാണാൻ സ്ഥിരമായെത്തുന്ന കുട്ടിയുണ്ടെന്ന് അനീഷ് പറഞ്ഞു. അതങ്ങനെയാണ്, അനീഷ് വരയ്‌ക്കുന്ന ചിത്രങ്ങൾ ജീവൻ തുടിക്കുന്നത് മാത്രമല്ല നമ്മുടെ മുഖത്ത് ചിരിപടർത്തുന്നതുമാണ്. പത്തനംതിട്ട മേലേവെട്ടിപ്പുറം തോട്ടുപുറത്ത് അനീഷ്, ചിത്രങ്ങൾ വരയ്‌ക്കാൻ തുടങ്ങിയിട്ട് പതിനാല് വർഷത്തോളമായി.

സ്‌കൂൾ പഠനകാലത്തെ ചിത്രരചനയോട് താൽപര്യമുണ്ടെങ്കിലും ഗൗരവത്തോടെ കാണാൻ തുടങ്ങിയത് മാർത്തോമ സ്‌കൂളിലെ പഠനകാലത്താണ്. സ്‌കൂളിലെ ചിത്രരചന അധ്യാപകനായിരുന്ന നൈനാൻ സാറിന്റെ ഉപദേശമാണ് രചനയെ പ്രൊഫഷനായി എടുക്കാൻ കാരണം. തുടർന്ന് മാവേലിക്കര രാജാരവിവർമ ഫൈനാൻസ് കോളേജിൽ ശിൽപ്പകലയിൽ ബിരുദം നേടി.
മേലേവെട്ടിപ്രം സ്‌കൂളിന്റെ ചുവരിൽ വരച്ച ‘സീനറി’യിലാണ് തുടക്കം. ഇത് ശ്രദ്ധനേടിയതോടെ കൂടുതൽ സ്‌കൂളുകളിൽ ചുവർചിത്രങ്ങൾ വരയ്‌ക്കാനാരംഭിച്ചു. ഇതിനിടെ വടശേരിക്കരയിൽ സ്‌കൂളിൽ താൽക്കാലിക ചിത്രരചന അധ്യാപകനായും ജോലി നോക്കി. അങ്കണവാടികളുടെ ഉൾവശം, കുട്ടികളുടെ ഡോക്ടർമാരുടെ പരിശോധന മുറികൾ തുടങ്ങിയവയും അനീഷ് ദൃശ്യമികവുള്ളതാക്കും. പത്തനംതിട്ട ടൗൺ സ്‌ക്വയറിന്റെ ചുവരിലെ കഥകളി ചിത്രം അടുത്തകാലത്ത് ഒരുപാട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. സർക്കാർ സ്ഥാപനങ്ങളിലെ ചിത്രങ്ങളും സർക്കാർ വർക്കുകളും ഏറ്റെടുത്ത് ചെയ്യാറുണ്ട്.
കണ്ണാണ് മെയിൻ
അക്രിലിക് പെയിന്റാണ് ചിത്രങ്ങൾ വരയ്‌ക്കാൻ കൂടുതലും ഉപയോഗിക്കാറ്. മിക്കവാറും സ്ഥലങ്ങളിൽ ഒറ്റയ്‌ക്കാണ് ജോലി ഏറ്റെടുക്കുന്നത്. സ്‌കൂളുകളും മറ്റും ഏറ്റെടുക്കുമ്പോൾ സഹായത്തിന് ജോലിക്കാരെ കൂട്ടാറുണ്ട്. ഡോൾഫിൻ, ആമ, ആന, മുയൽ, ഗോൾഡ് ഫിഷ്, കളിക്കുന്ന കുട്ടികൾ, സിംഹം, സീബ്ര, കുരങ്ങൻ വിവിധ മൃഗങ്ങൾ എന്നിവയാണ് കൂടുതലും വരയ്‌ക്കാറ്. കാർട്ടൂൺ കഥാപാത്രങ്ങളും ഉൾപ്പെടുത്താറുണ്ട്. ഡോറാബുജി, ലിറ്റിൽ ഭീം തുടങ്ങിയവ കുട്ടികളെ ഏറെ ആകർഷിക്കുന്നവയാണ്. പ്രകൃതിയോടിണങ്ങിയ കളറുകളാണ് കൂടുതലും ഉപയോഗിക്കാൻ ശ്രദ്ധിക്കാറെന്ന് അനീഷ് പറയുന്നു.
നീലയും പച്ചയും, കുട്ടികളെ ആകർഷിക്കും. നിറങ്ങൾ ആവശ്യത്തിന് അനുസരിച്ച് കൂട്ടിയോജിപ്പിച്ചാണ് ഉണ്ടാക്കാറ്. ചുവരുകൾക്ക് പ്രാഥമിക നിറം നൽകി അക്രിലിക് പെയിന്റ് ഉപയോഗിച്ച് വരയ്‌ക്കും. ഒരു ദിവസം മൂന്ന് ചിത്രങ്ങൾ വരെ വരയ്‌ക്കാൻ സാധിക്കാറുണ്ട്. മുഖമാണ് ഏറ്റവും അവസാനം പൂർത്തിയാക്കുക. കണ്ണുകൾ വരയ്‌ക്കുമ്പോഴാണ് ഏറെ ശ്രദ്ധിക്കേണ്ടതെന്നും ചിത്രത്തിന് പൂർണമിഴിവേകുന്നത് ഇവയാണെന്നുമാണ് അനീഷിന്റെ ഭാഷ്യം. ബ്ലെസിയാണ് അനീഷിന്റെ ഭാര്യ. ഏകമകൻ ആറര വയസുകാരൻ ഇവാൻ.









0 comments