പ്രഥമ വി പി ആര്‍ അന്തര്‍ദ്ദേശീയ മാധ്യമപുരസ്‌കാരം അനസുദീന്‍ അസീസിന്

Anasuddin Aziz
വെബ് ഡെസ്ക്

Published on May 06, 2025, 01:51 PM | 1 min read

തിരുവനന്തപുരം: മാതൃഭൂമി മുന്‍ പത്രാധിപരും കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വി പി രാമചന്ദ്ര(വി പി ആര്‍)ന്റെ പേരിലുള്ള കേരള മീഡിയ അക്കാദമിയുടെ പ്രഥമ അന്തര്‍ദ്ദേശീയ മാധ്യമ പുരസ്‌കാരം അനസുദീന്‍ അസീസിന്. ലണ്ടനിലെ ഫ്‌ലീറ്റ് സ്ട്രീറ്റില്‍ നിന്നിറങ്ങുന്ന 'ലണ്ടന്‍ ഡെയ്‌ലി' പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ് അനസുദീന്‍. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമുള്‍പ്പെട്ടതാണ് അവാര്‍ഡ്.


ഫ്രീ പ്രസ്സ് ജേണല്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്നീ പത്രങ്ങളുള്‍പ്പെടെ ഇന്ത്യയ്ക്കകത്തും വിദേശത്തും വിവിധ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനസുദീന്‍ മാഞ്ചസ്റ്ററില്‍ നിന്നിറങ്ങുന്ന 'ഏഷ്യന്‍ ലൈറ്റ് ' എന്ന പത്രശൃംഖലയുടെ ഉടമ കൂടിയാണ്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ നിന്ന് 'ഏഷ്യന്‍ ലൈറ്റി'ല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരാസാ മേ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അനസുദീന്‍ അവിടെ നിന്നുള്ള മാധ്യമ സംഘത്തില്‍ അംഗമായിരുന്നു. ഉത്തരവാദിത്വ മാധ്യമപ്രവര്‍ത്തനം, പ്രചോദന സവിശേഷത എന്നിവയില്‍ മാതൃക പുലര്‍ത്തുന്ന ഇന്ത്യാക്കാരായുള്ള മാധ്യമ പ്രവര്‍ത്തകരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.


വിപിആര്‍ മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ ഡയറക്ടറായിരിക്കുമ്പോള്‍ അക്കാദമി വിദ്യാര്‍ഥിയായിരുന്നു അനസുദ്ദീന്‍. പാലക്കാട് നൂറണി, ആട്ടുക്കാര വീട്ടില്‍ പരേതനായ അബ്ദുള്‍ അസീസ് റാവുത്തരുടെയും ആലുവ കക്കാട്ടില്‍ ലൈല അസീസിന്റെയും മകനാണ് അനസുദീന്‍. ഭാര്യ ശിശുരോഗവിദഗ്ധ ഡോ. അനിത വയലക്കാട്. അലി അസീസ് മകനാണ്.


മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ചെയര്‍മാനും, ഡോ. സെബാസ്റ്റ്യന്‍ പോള്‍, വി ലേഖാ ചന്ദ്രശേഖര്‍, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ കെ ജി ജ്യോതിര്‍ഘോഷ്, അക്കാദമി ഫാക്കള്‍ട്ടി അംഗം കെ.ഹേമലത എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. വി പി ആറിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബ ത്തിന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്. ജൂണില്‍ കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബുവും സെക്രട്ടറി അനില്‍ ഭാസ്‌കറും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home