തുരങ്കപാത നിർമാണോദ്ഘാടനം നാളെ; മുഖ്യമന്ത്രി കല്ലിടും

Wayanad Tunnel Project CM Pinarayi
avatar
സ്വന്തം ലേഖകൻ

Published on Aug 30, 2025, 02:34 PM | 1 min read

കോഴിക്കോട്‌: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾക്ക്‌ ഞായറാഴ്ച തുടക്കമാകും. വൈകിട്ട്‌ നാലിന്‌ ആനക്കാംപൊയിൽ സെന്റ്‌ മേരീസ്‌ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക്‌ കല്ലിടും.


കിഫ്‌ബി, പൊതുമരാമത്ത്‌ വകുപ്പ്‌, കൊങ്കൺ റെയിൽവേ കോർപറേഷൻ എന്നിവ ത്രികക്ഷി കരാറിലൂടെയാണ്‌ തുരങ്കപാത നിർമിക്കുക. 2134.5 കോടി രൂപ ചെലവിലാണ്‌ സംസ്ഥാന സർക്കാർ പാത യാഥാർഥ്യമാക്കുന്നത്‌. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്ക പാതയായി ഇത്‌ മാറും.


കോഴിക്കോട്‌, വയനാട്‌ ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ്‌ പദ്ധതിക്കായി ഏറ്റെടുക്കുന്നത്‌. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ നിർമാണ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്‌. രണ്ട്‌ പാക്കേജുകളിലായി പാലവും അപ്രോച്ച്‌ റോഡും നാലുവരി തുരങ്കപാതയും നിർമിക്കും.


ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സംവിധാനം, ശബ്ദ, വെളിച്ചസംവിധാനങ്ങൾ, നിരീക്ഷണ കാമറകൾ, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സ‍ൗകര്യങ്ങൾ തുരങ്കത്തിന്‌ അകത്തുണ്ടാകും.


കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും നിർമാണം. ആറ്‌ മാസത്തിലൊരിക്കൽ വിദഗ്ധ സമിതി നിർമാണം വിലയിരുത്തും. പാത യാഥാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽനിന്ന്‌ 22 കിലോമീറ്റർ സഞ്ചരിച്ചാൽ വയനാട്ടിലെത്താം. മലയോര ഹൈവേയുമായും തുരങ്കപാതയിൽനിന്നുള്ള റോഡിനെ ബന്ധിപ്പിക്കും. ആദ്യഘട്ടത്തിൽ രണ്ടുവരിപ്പാതയും തുടർന്ന്‌ നാലുവരിപ്പാതയുമാണ്‌ നിർമിക്കാൻ ഉദ്ദേശിക്കുന്നത്‌. മലയോര മേഖലയുടെ സമഗ്ര വികസനത്തിന്‌ തുരങ്കപാത വഴിയൊരുക്കുമെന്ന്‌ ലിന്റോ ജോസഫ്‌ എംഎൽഎ പറഞ്ഞു.


ഞായറാഴ്ച നടക്കുന്ന നിർമാണോദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ഒ ആർ കേളു, എ കെ ശശീന്ദ്രൻ, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ആയിരക്കണക്കിന്‌ ആളുകളും ചടങ്ങിനെത്തും.



deshabhimani section

Related News

View More
0 comments
Sort by

Home