"കുരുതി കൊടുത്തിട്ടും മതിയായില്ലേ, ഞങ്ങളും ജീവിതം അവസാനിപ്പിക്കണോ'

ഫയൽ ചിത്രം
നെടുമങ്ങാട്: ‘‘കുരുതി കൊടുത്തിട്ടും മതിയായില്ലേ? അപകീർത്തിപ്പെടുത്തി ഞങ്ങളെക്കൂടി അവസാനിപ്പിക്കലാണോ അവരുടെ ലക്ഷ്യം’’– കോൺഗ്രസ് ഭരിക്കുന്ന സഹകരണസംഘത്തിന്റെ നിക്ഷേപത്തട്ടിപ്പിൽ ഇരയായി ജീവനൊടുക്കിയ ആനാട് ശശിയുടെ ഭാര്യ ഡോ. ലത കണ്ണീരോടെ ചോദിക്കുന്നു. മുണ്ടേല രാജീവ്‌ഗാന്ധി വെൽഫെയർ സഹകരണസംഘത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്താണ് മലയാള മനോരമ ലേഖകനായിരുന്ന ആനാട് ശശി ആത്മഹത്യചെയ്‌തത്. ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ അപഹരിച്ചിട്ടും കോൺഗ്രസ് പ്രാദേശികനേതാവ് കൂടിയായിരുന്ന ശശിയെ മരണശേഷവും സ്വന്തം പാർടിക്കാർ വേട്ടയാടുകയാണെന്ന് ലത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘മകളുടെ പഠനത്തിനും ഭാവിക്കുമായി നിക്ഷേപിച്ച പണം പോയെന്നറിഞ്ഞ മനോവേദനയിലാണ് ശശി ജീവനൊടുക്കിയത്. എന്നാൽ അർബുദ രോഗബാധിതനായി ആത്മഹത്യ ചെയ്‌തുവെന്ന് നുണപ്രചാരണം നടത്തുന്നു. ഇനിയിത് കേൾക്കാനും മറുപടി പറയാനും കെൽപ്പില്ല. പ്രചാരണത്തിൽനിന്ന് പിന്തിരിയണം. പ്ലസ് വൺ വിദ്യാർഥിനിയായ മകൾപോലും മറുപടി പറയേണ്ടി വരുന്നു. ജീവിക്കാനുള്ള തോന്നൽപോലും ഇല്ലാതാക്കുകയാണ്. വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന 1.67 കോടിരൂപ പിൻവലിച്ച് 2021ലാണ് മുണ്ടേല രാജീവ്‌ഗാന്ധി വെൽഫെയർ സഹകരണസംഘത്തിൽ നിക്ഷേപിച്ചത്.
ബാങ്ക് പ്രസിഡന്റ് മോഹനൻനായർ വീട്ടിൽ നേരിട്ടെത്തിയാണ് പണം വാങ്ങിയത്. ഒരിക്കലും ചതിക്കില്ലെന്നും പറഞ്ഞു. ഒരുമാസത്തെ പലിശപോലും സംഘത്തിൽനിന്ന് വാങ്ങിയിരുന്നില്ല. ബിനാമി പേരുകളിൽ വായ്‌പകൾ നൽകിയും ക്രമക്കേടുകൾ നടത്തിയും സംഘം അഴിമതിയിൽ മുങ്ങിയപ്പോൾ മോഹനൻ നായർ ജീവനൊടുക്കി. ഇതോടെ ശശി മാനസികമായി തകർന്നു. ശരീരത്തിലെ ചൊറിച്ചിലിനാണ് ചികിത്സ തേടിയത്. ബയോപ്‌സി പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. അർബുദബാധിതനാണെന്ന് ഒരു ടെസ്റ്റിലും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും ചില സുഹൃത്തുക്കൾ വസ്‌തുതകൾ മറച്ചുവച്ച് പ്രചാരണം നടത്തുന്നു. അനുശോചനയോഗത്തിൽ പോലും ദുഷ്‌പ്രചാരണമാണ് നേതാക്കളിൽ പലരും നടത്തിയത്. ഇനിയും ഇതൊന്നും താങ്ങാനാകില്ല’’–ലത പറഞ്ഞു. ആഗസ്‌ത് നാലിനാണ് കവടിയാറിലെ വാടകവീടിനു സമീപം ശശി ജീവനൊടുക്കിയത്.
"ദയവായി ജീവിക്കാൻ അനുവദിക്കണം'
നെടുമങ്ങാട്: മുണ്ടേല രാജീവ് ഗാന്ധി വെൽഫെയർ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിന് ഇരയായി ജീവനൊടുക്കിയ മലയാള മനോരമ ലേഖകൻ ആനാട് ശശിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. ചില സുഹൃത്തുക്കളും കോൺഗ്രസ് പ്രവർത്തകരുമാണ് പിന്നിൽ. ഗുരുതര രോഗബാധിതനായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്‌തതെന്ന പ്രചാരണത്തിനെതിരെ കുടുംബം രംഗത്തെത്തി.
‘‘വസ്‌തു വിറ്റുകിട്ടിയതും ചോരനീരാക്കി സന്പാദിച്ചതുമായ തുകയാണ് വിശ്വസിച്ച് ബാങ്കിൽ നിക്ഷേപിച്ചത്. മകളുടെ ഭാവിക്കായി നിക്ഷേപിച്ച തുക നഷ്‌ടപ്പെട്ടെന്നറിഞ്ഞ നാൾമുതൽ അദ്ദേഹത്തിന് ഉറക്കമില്ല. മാനസികസമ്മർദത്തെ തുടർന്നുള്ള രോഗങ്ങളും വലച്ചിരുന്നു. എന്നാൽ, അർബുദരോഗമെന്ന് പ്രചരിപ്പിക്കുന്നത് വേദനാജനകമാണ്’’– ഭാര്യ ഡോ. ലത പറഞ്ഞു. ‘‘മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനെടുക്കുന്ന വേളയിൽപ്പോലും അപവാദങ്ങൾ പ്രചരിപ്പിക്കാനാണ് രാഷ്ട്രീയസുഹൃത്തുക്കളിൽ ചിലർ ശ്രമിച്ചത്.
സഹപ്രവർത്തകരായ കോൺഗ്രസ് നേതാക്കൾ അത് പ്രചരിപ്പിച്ചു. ഒപ്പം കണ്ണിൽ ചോരയില്ലാത്ത അപവാദങ്ങൾ വേറെയും. അത് തുടരുന്നു.
അദ്ദേഹത്തിന് അർബുദ രോഗമില്ല. ബയോപ്സി ടെസ്റ്റുകളുടെ റിസൽറ്റ് ഇവിടെയുണ്ട്’’– വാർത്താസമ്മേളനത്തിൽ ലത പറഞ്ഞു. ‘‘തുക തിരിച്ചുകിട്ടാൻ കഴിയുന്ന വഴിയൊക്കെ നോക്കി. നേതാക്കളെ പലവട്ടം കണ്ടു. ആരും അനങ്ങിയില്ല. നേതാക്കളിൽ പലരും നിക്ഷേപിച്ചിരുന്ന തുകകൾ പിൻവലിച്ചിട്ടുമുണ്ടായിരുന്നു. പിന്നീടാണ് ചതി മനസ്സിലാക്കിയത്. ഇനി ഞാനും കുരുന്നു മകളും മാത്രമാണ് ബാക്കിയുള്ളത്. ജീവിതം വഴിമുട്ടിയ നിലയിലാണ്. പെൻഷൻപോലും സ്വാതന്ത്ര്യംപോലെ ഉപയോഗിക്കാനാകാത്തവിധം ബാധ്യതയിൽ പെട്ടു. ജീവിക്കണമെന്നുണ്ട്. അതിനെങ്കിലും അനുവദിക്കണമെന്ന് യാചിക്കുകയാണ്’’– ലത പറഞ്ഞു.









0 comments