മസ്തിഷ്‌ക ജ്വരം: കടയ്‌ക്കലിൽ രണ്ടുതരം അമീബയുടെ സാന്നിധ്യം

കടയ്ക്കൽ: അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന അമീബയുടെ സാന്നിധ്യം കടയ്ക്കലിൽ കണ്ടെത്തി. പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന രണ്ടുതരം അമീബകളെ കണ്ടെത്തിയത്. കടയ്ക്കലിലെ വർക്‍ഷോപ് ജീവനക്കാരനായ ബിജു (47)വിനെ മൂന്നാഴ്ചകൾക്ക് മുമ്പ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിജുവിന് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് സംഘം ബിജുവിന്റെ വീട്ടിലെ കിണർ, കടയ്ക്കൽ ദേവീക്ഷേത്ര ചിറ എന്നിവിടങ്ങളിൽനിന്ന് പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ പ്രദേശത്ത് ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടെ ഗുരുതരാവസ്ഥയിലായ ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബിജു ചികിത്സയിൽ തുടരുകയാണ്. കാലിലെ മുറിവിൽ നിന്നാണ് ബിജുവിന്റെ ശരീരത്തിലേക്ക് അമീബ പ്രവേശിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
പ്രതിരോധം ശക്തമാക്കി
മസ്തിഷ്‌ക ജ്വരത്തിനു കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കടയ്‌ക്കലിലും സമീപ പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. ക്ഷേത്രക്കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും ആരോഗ്യ വകുപ്പ് വിലക്കേര്‍പ്പെടുത്തി. ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം പ്രദേശത്ത് പരിശോധന നടത്തും. കുമളിച്ചിറ, നാക്രാം കോണം ചിറ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശങ്ങളുമായി അനൗൺസ്‍മെന്റ് അടക്കമുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.









0 comments