അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിച്ചുകെട്ടാൻ ആരോഗ്യകേരളം ; മരണനിരക്ക് പകുതിയിൽ താഴെ

കോഴിക്കോട്
വിദേശത്തുനിന്ന് മരുന്ന് എത്തിച്ചും അതിവേഗ രോഗനിർണയവും ചികിത്സയും ഉറപ്പാക്കിയും അമീബിക് മസ്‌തിഷ്‌ക ജ്വര മരണനിരക്ക് കുറച്ച് ആരോഗ്യകേരളം. അന്താരാഷ്‌ട്ര മാനദണ്ഡമനുസരിച്ച് 97 ശതമാനം മരണനിരക്ക് എന്നത് മുപ്പതിനടുത്ത് എത്തിച്ചാണ് കേരളം പ്രതിരോധം തീർക്കുന്നത്. ഇൗ വർഷം ചികിത്സ തേടിയ 47ൽ 35 പേരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി.
ലോകത്തുതന്നെ അപൂർവമായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചവർക്ക് രോഗമുക്തി ഉണ്ടാവുന്നതെന്നിരിക്കെയാണ് ഇൗ നേട്ടം. അതിവേഗ രോഗനിർണയവും ചികിത്സയുമാണ് മരണനിരക്ക് കുറയ്‌ക്കുന്നതിലെ പ്രധാന ഘടകം. മന്ത്രി വീണാ ജോർജ് ഇടപെട്ട് ജപ്പാനിൽനിന്ന് മിൽറ്റി ഫോസ് എന്ന മരുന്ന് എത്തിച്ചാണ് വിദഗ്‌ധ ചികിത്സ ഉറപ്പാക്കുന്നത്. നിരന്തര ബോധവൽക്കരണവും സമൂഹത്തിൽ രോഗപ്രതിരോധത്തിന് കരുത്തേകുന്നു. മെഡിക്കൽ കോളേജുകളിലെ വൈറോളജി ലാബുകളിലെ പ്രാഥമിക പരിശോധനാ ഫലം നോക്കി ചികിത്സ ആരംഭിക്കുന്നുണ്ട്. പിസിആർ പരിശോധനയ്‌ക്കുള്ള സംവിധാനം തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലും ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. നേരത്തെ ഛണ്ഡീഗഢിൽ സാന്പിൾ അയക്കാറായിരുന്നു. രാജ്യത്താദ്യമായി ചികിത്സാ മാർഗരേഖ പുറത്തിറക്കിയതും കേരളമാണ്. ചികിത്സക്കും പ്രതിരോധത്തിനും കർമപദ്ധതിയും ആവിഷ്‌ക്കരിച്ചു.
2024 ജൂലൈയിലാണ് കോഴിക്കോട് സ്വദേശിയായ 14കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് രോഗപ്രതിരോധ പാതയൊരുക്കിയത്. ആ വർഷം 36 പേർ ചികിത്സ തേടി. ഇതിൽ 27 പേരും രോഗമുക്തരായി. നിലവിൽ 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളതെന്നും രണ്ടുപേരുടെ നില ഗുരുതരമാണെന്നും പ്രിൻസിപ്പൽ ഡോ. കെ ജി സജീത് കുമാർ പറഞ്ഞു.









0 comments