അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധം: ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങും

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ രംഗത്തിറങ്ങാൻ ഡിവൈഎഫ്ഐ. സംസ്ഥാനത്തെ ജലാശയങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡുകൾ ക്ലോറിനേറ്റ് ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.
അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കുവാൻ ആരോഗ്യ വകുപ്പ് ജലാശയങ്ങൾ ശുചീകരിച്ച് ക്ലോറിനേറ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനോട് സഹകരിച്ചാകും സംസ്ഥാന വ്യാപകമായി ജലാശയങ്ങൾ ശുചീകരിക്കാനും ക്ലോറിനേറ്റ് ചെയ്യാനും ഡിവൈഎഫ്ഐ രംഗത്തിറങ്ങുക.
പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) എന്ന രോഗം നെയ്ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂർവ തലച്ചോറ് അണുബാധയാണ്. 'മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്ന് വിളിക്കപ്പെടുന്ന നെഗ്ലേറിയ ഫൗളേറി തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലെ അടിത്തട്ടിലെ ചെളിയിലാണ് കാണുന്നത്. ചെളി കലർന്ന മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോഴാണ് ഈ രോഗബാധ സാധാരണ ഉണ്ടാവുന്നത്. നന്നായി ക്ലോറിനേഷൻ നടത്തി ശുചീകരിച്ച ജലാശയങ്ങളിൽ ഈ അമീബ വളരാനുള്ള സാധ്യത വിരളമാണ്.
രോഗപ്രതിരോധത്തിന് ശക്തമായ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്താദ്യമായി ചികിത്സാ മാർഗരേഖ പുറത്തിറക്കിയത് കേരളമാണ്. ചികിത്സയ്ക്കും പ്രതിരോധത്തിനും കർമപദ്ധതിയും ആവിഷ്‌ക്കരിച്ചു.
ക്ലോറിനേഷൻ, ശുചീകരണം, വീടും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം, ബോർഡ് സ്ഥാപിക്കൽ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ നടത്തി. ജപ്പാനിൽനിന്ന് ‘മിൽറ്റി ഫോസ്’ എന്ന മരുന്ന് എത്തിച്ചു. അമീബ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദ മാർഗനിർദേശം പുറപ്പെടുവിച്ചു. മലിനജലത്തിൽനിന്നാണ് രോഗം പടരുന്നത് എന്ന നിഗമനത്തിനപ്പുറം മറ്റ് സാധ്യതകളെക്കുറിച്ച് പഠനം നടത്താൻ മൈക്രോബയോളജി ലാബ് ഉപയോഗപ്പെടുത്തി.
മെഡിക്കൽ കോളേജുകളിലെ മൈക്രോബയോളജി ലാബിൽ പരിശോധനാ സംവിധാനം ഒരുക്കുകയും തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. പ്രാഥമിക പരിശോധനാഫലം നോക്കി ചികിത്സ ആരംഭിക്കാനാകുന്നത് പ്രതിരോധത്തിൽ നിർണായകമാണ്.









0 comments