ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ ടണല്‍ വൃത്തിയാക്കി; പണി അവസാന ഘട്ടത്തിലേക്ക്; മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലം സന്ദര്‍ശിച്ചു

roshi
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ (പഴവങ്ങാടി തോട്) റെയില്‍വേ ട്രാക്കിന് അടിയിലെ ടണല്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ടണലിനു പുറത്ത് ശേഷിക്കുന്ന 65 മീറ്റര്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
63 ലക്ഷം രൂപ മുടക്കി ജലസേചന വകുപ്പ് നടത്തിയ ഡീസില്‍റ്റേഷന്‍ അടക്കമുള്ള പ്രവര്‍ത്തികളാണ് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു വരുന്നത്. നഗര വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍നിന്ന് പണം ചെലവാക്കിയാണ് പ്രവര്‍ത്തി നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ശുചീകരണം ആരംഭിച്ചത്. മഴ തടസ്സമായെങ്കിലും കഴിഞ്ഞയാഴ്ചയോടെ ടണലിനടിയിലെ മാലിന്യം ഏറെക്കുറേ പൂര്‍ണമായി നീക്കിയതായും മന്ത്രി അറിയിച്ചു.
റെയില്‍വേ ടണലിന് അടിയിലൂടെയുള്ള തോടിന്റെ 117 മീറ്ററില്‍ 1200 ഘന മീറ്റര്‍ മാലിന്യം നീക്കം ചെയ്തു. പവര്‍ഹൗസ് റോഡിനു സമീപം ടണല്‍ അവസാനിക്കുന്ന ഭാഗം വഴി ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇറക്കിയാണ് ദുഷ്‌കരമായ ജോലികള്‍ പൂര്‍ത്തിയാക്കിയതെന്ന് ജലസേചന വകുപ്പ് അറിയിച്ചു.
നെല്ലിക്കുഴി പാലം മുതല്‍ സംരക്ഷണ ഭിത്തിക്ക് 12 കോടി
ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തികെട്ടുന്നതിന് 12 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആനയിറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതല്‍ താഴേക്കാണ് തകര്‍ന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ച് ഇരുകരകളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കുക.
മാലിന്യം തള്ളുന്ന സ്ഥലങ്ങളില്‍ വേലി കെട്ടാന്‍ 5.54 കോടി
പഴവങ്ങാടി തോട് സംരക്ഷണത്തിനായി വേലി കെട്ടുന്നതിനായി ജലസേചന വകുപ്പ് 5.54 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തോട്ടില്‍ മാലിന്യം തള്ളുന്ന ഭാഗങ്ങളില്‍ വേലി കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിനാണ് പദ്ധതി.
പനവിള മുതല്‍ ഡീസില്‍റ്റേഷന് 30 ലക്ഷം
പഴവങ്ങാടി തോടില്‍ പനവിള മുതല്‍ കോണ്‍ഫ്‌ളുവന്‍സ് പോയിന്റ് വരെയുള്ള ഡീസില്‍റ്റേഷന്‍, ക്ലീനിങ്, മറ്റ് അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കും 30 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.









0 comments