അഖിലേന്ത്യ പണിമുടക്ക്: കേരളത്തിൽ സമ്പൂർണ വിജയമാക്കും


സ്വന്തം ലേഖകൻ
Published on Apr 12, 2025, 04:47 AM | 2 min read
തിരുവനന്തപുരം: മെയ് 20ലെ അഖിലേന്ത്യ പണിമുടക്ക് കേരളത്തിൽ സമ്പൂർണ വിജയമാക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കൺവൻഷൻ തീരുമാനിച്ചു. പണിമുടക്കിന്റെ പ്രചാരണത്തിനായി മെയ് 10 മുതൽ 14 വരെ സംസ്ഥാനത്ത് മൂന്ന് വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കും.
കെ എൻ ഗോപിനാഥ് ക്യാപ്‌റ്റനും ആർ സജിലാൽ വൈസ് ക്യാപ്റ്റനുമായ വടക്കൻ മേഖലാജാഥ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തി കോഴിക്കോട്ട് സമാപിക്കും. സി പി മുരളി ക്യാപ്‌റ്റനും എം ഹംസ വൈസ് ക്യാപ്‌റ്റനുമായ മധ്യമേഖലാ ജാഥ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ പര്യടനശേഷം കോട്ടയത്ത് സമാപിക്കും. ജെ മേഴ്‌സിക്കുട്ടി അമ്മ ക്യാപ്‌റ്റനും ടോമി മാത്യു വൈസ് ക്യാപ്‌റ്റനുമായ തെക്കൻ മേഖലാ ജാഥ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പര്യടനശേഷം തിരുവനന്തപുരത്ത് സമാപിക്കും. എല്ലാ തൊഴിൽസ്ഥാപനങ്ങളിലും പണിമുടക്ക് നോട്ടീസ് നൽകും. മെയ് 15നു ശേഷം പഞ്ചായത്ത്, നഗരതല കാൽനടജാഥകൾ പര്യടനം നടത്തും. മെയ് 16, 17, 18 തീയതികളിൽ പണിമുടക്കിന്റെ അറിയിപ്പ് വ്യാപാരികൾക്കും യാത്രക്കാർക്കും തൊഴിലാളികൾക്കും നൽകും. മോട്ടോർ മേഖലയിലും പണിമുടക്കും. മെയ് 19ന് വിളംബരജാഥകൾ നടത്തും.
പണിമുടക്ക് ദിവസം സംസ്ഥാന വ്യാപകമായി സമരകേന്ദ്രങ്ങൾ തുറക്കാനും കൺവൻഷൻ തീരുമാനിച്ചു. ബിടിആർ ഭവനിൽ ചേർന്ന സംസ്ഥാന കൺവൻഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് സംസ്ഥാന സമിതി തീരുമാനങ്ങൾ അവതരിപ്പിച്ചു. ടോമി മാത്യു (എച്ച്‌എംഎസ്), എം കെ തങ്കപ്പൻ (ടിയുസിഐ), കെ ഷാജി (എൻഎൽസി), അജിത് കുരീപ്പുഴ (ടിയുസിസി), എം ഉണ്ണികൃഷ്ണൻ (ഐഎൻഎൽസി), എ എസ് രാധാകൃഷ്ണൻ (എച്ച്‌എംകെപി), കവടിയാർ ധർമൻ (കെടിയുസി), സീറ്റാ ദാസൻ (സേവ), എം ശ്രീകുമാർ (എൻടിയുസി), സുനിൽ ഖാൻ (ജെഎൽയു), കൊല്ലംങ്കോട് രവീന്ദ്രൻ നായർ (ജെടിയുസി), വി വി രാജേന്ദ്രൻ (എഐസിസിടിയു), സി ജയൻബാബു (സിഐടിയു), പി എസ് നായിഡു (എഐടിയുസി) എന്നിവർ സംസാരിച്ചു.









0 comments