കാറിൽ കയറ്റി രക്ഷപ്പെടുത്തിയെന്ന് മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ
രക്ഷപ്പെട്ട തടവുകാരനും സഹായിച്ച യുഡിഎഫ് മന്ത്രിയും ആര് ?

തിരുവനന്തപുരം
യുഡിഎഫ് ഭരണകാലത്ത് ജയിൽ സന്ദർശനത്തിനെത്തിയ ഒരു മന്ത്രിയുടെ കാറിൽ കയറി തടവുകാരൻ രക്ഷപ്പെട്ടിട്ടുണ്ടെന്ന് മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തൽ. അന്ന് മന്ത്രിയുടെവാഹനത്തിൽ കയറിയ തടവുകാരൻ സെക്രട്ടറിയറ്റിൽ എത്തിയശേഷം അവിടെനിന്ന് രക്ഷപ്പെട്ടു. അന്ന് സംഭവം മറച്ചുവച്ചതായും ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്കടക്കം നടപടിയുണ്ടാകുമായിരുന്നെന്നും അദ്ദേഹം ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.
മന്ത്രിയുടേയോ തടവുകാരന്റേയോ പേര് പറഞ്ഞിട്ടില്ല. വെളിപ്പെടുത്തലിന് പിന്നാലെ യുഡിഎഫ് മന്ത്രിയാരാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾ നടക്കുകയാണ്. 2001 മുതൽ 2006 കാലയളവിൽ യുഡിഎഫ് ഭരണകാലത്താണ് സംഭവം നടന്നതെന്നും നിരവധി ആൾമാറാട്ട, മോഷണക്കേസിലെ പ്രതിയായിരുന്നു തടവുകാരനെന്നും അലക്സാണ്ടർ ജേക്കബ് ദേശാഭിമാനിയോട് പറഞ്ഞു. വാഹനത്തിന് സമീപം മാസ്കും വെള്ള വസ്ത്രവും ധരിച്ചെത്തിയ തടവുകാരൻ, തന്നോട് വാഹനത്തിൽ കയറിയിരിക്കാൻ മന്ത്രി നിർദേശിച്ചതായി ഗൺമാനോടും ഡ്രൈവറോടും പറഞ്ഞു.
കാറിൽ കയറിയ ഇയാൾ സെക്രട്ടറിയറ്റിലെത്തി. അന്ന് മന്ത്രിക്കൊപ്പം ജയിൽ ഡിജിപിയും ജയിൽ സൂപ്രണ്ടും ഡിഐജിമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുണ്ടായിരുന്നു. 32 ജയിൽ ജീവനക്കാർ നോക്കിനിന്നിട്ടും ഒരാളുടെയും കണ്ണിൽ അയാൾ പെട്ടില്ല. സെക്രട്ടറിയറ്റിൽ എത്തിയ പ്രതി ഒരു ഓട്ടോറിക്ഷയിൽ കയറിയാണ് രക്ഷപ്പെട്ടത്. പിറ്റേ ദിവസം നെയ്യാറ്റിൻകരയിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ജയിൽചാട്ടങ്ങൾ മുമ്പും പലയിടത്തും ഉണ്ടായിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാതെ ജയിൽ ചാടാതിരിക്കാനുള്ള പ്രതിരോധ നടപടിയാണെടുക്കേണ്ടത്.
മുഖ്യമന്ത്രിയോ സർക്കാരോ ആരാണെന്ന് നോക്കിയിട്ടല്ല പ്രതികൾ ജയിൽ ചാടുന്നത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 46 പേരാണ് ജയിൽ ചാടിയത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജയിൽ ചാടുന്ന സംസ്ഥാനം ഉത്തർപ്രദേശാണെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു. 2001 മുതൽ 2004 വരെ എ കെ ആന്റണിയും 2004 മുതൽ 2006 വരെ ഉമ്മൻചാണ്ടിയുമായിരുന്നു മുഖ്യമന്ത്രിമാർ. അന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തതും മുഖ്യമന്ത്രിമാർ തന്നെയാണ്.









0 comments