ആലപ്പുഴയിൽ സ്ത്രീയെ കൊലപ്പെടുത്തിയത് മോഷ്ടിക്കാനായി വീട്ടിൽ കയറിയ ദമ്പതികള്‍

ആലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയില്‍ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്തി. മോഷണക്കേസുകളിലെ പ്രതിയും അയാളുടെ ഭാര്യയുമാണ് പ്രതികൾ. തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണ് (62) കൊല്ലപ്പെട്ടത്. ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തിയത്.
ഇവര്‍ മുമ്പ് ഹംലത്തിന്റെ അയല്‍പക്കത്തു വാടകയ്ക്കു താമസിച്ചിരുന്നു. ഇവരെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തനിച്ചു താമസിക്കുകയായിരുന്ന ഹംലത്തിനെ 17നാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ കട്ടിലില്‍ ചാരിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്. അടുക്കള വാതിൽ തുറന്ന് കിടക്കുകയായിരുന്നു. കഴുത്തിൽ ഷാൾ കുടുക്കിയ നിലയിലായിരുന്നു. വീട്ടിനുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ടായിരുന്നു. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതായും കണ്ടെത്തി.
നിലവില്‍ റിമാന്‍ഡിലായ അബൂബക്കര്‍ സ്ത്രീയുടെ വീട്ടില്‍ വന്നിരുന്നെങ്കിലും ഇയാള്‍ മടങ്ങിയശേഷമാണു കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്നു സ്ത്രീ പറഞ്ഞപ്പോള്‍ അബൂബക്കര്‍ അവിടെയുണ്ടായിരുന്ന ശീതളപാനീയം നല്‍കി. പിന്നാലെ സ്ത്രീ ഉറങ്ങിയപ്പോള്‍ രാത്രി 11 മണിയോടെ അബൂബക്കര്‍ മടങ്ങി.
അര്‍ധരാത്രിക്കുശേഷം മോഷ്ടാവും ഭാര്യയും അവിടെയെത്തി. വൈദ്യുതി വിച്ഛേദിച്ചശേഷം അടുക്കള വാതില്‍ മണ്‍വെട്ടികൊണ്ടു തട്ടിത്തുറന്ന് അകത്തു കടന്നു. ശ്വാസംമുട്ടലുണ്ടായിരുന്ന ഹംലത്ത് ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഹംലത്ത് ബഹളമുണ്ടാക്കിയപ്പോള്‍ മോഷ്ടാവിന്റെ ഭാര്യ കാലുകളില്‍ ബലമായി പിടിച്ചു. ഭര്‍ത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ഇരുട്ടായതിനാല്‍ ഹംലത്ത് അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പ്രതികള്‍ കണ്ടില്ല. അലമാരയിലുണ്ടായിരുന്ന കമ്മലും ഹംലത്തിന്റെ മൊബൈല്‍ ഫോണും ഇവര്‍ കൈക്കലാക്കി. സ്ഥലത്ത് മുളകുപൊടി വിതറിയശേഷം ഇവര്‍ കടന്നുകളഞ്ഞു.
ഹംലത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിലൂടെയാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. പിന്നീട് ഈ ഫോണില്‍ മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നതു പൊലീസ് കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളിയായിരുന്നു ലൊക്കേഷന്‍. പൊലീസ് അവിടെയെത്തി പ്രതികളെ പിടികൂടി. അവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവിച്ചത് എന്താണെന്ന് വ്യക്തമായത്. ഹംലത്തിന്റെ കമ്മല്‍ ഇവര്‍ വിറ്റു കാശെടുത്തിരുന്നു. പ്രതിയായ സ്ത്രീ അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഭർത്താവ് പൊലീസ് കസ്റ്റഡിയിലുണ്ട്.









0 comments