ആലപ്പുഴ ഇരട്ടക്കൊലപാതകം: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

പ്രതി ബാബുവിനെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍. ചിത്രം: കെ എസ് ആനന്ദ്
ആലപ്പുഴ : മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയുമായി വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ആലപ്പുഴ കൊമ്മാടി പോപ്പി പാലത്തിന് കിഴക്ക് മന്നത്ത് വാർഡിൽ പനവേലി പുരയിടത്തിൽ ആഗ്‌നസ് (65), തങ്കരാജ് (70) എന്നിവരെയാണ് മകൻ ബാബു (47) കുത്തിക്കൊന്നത്. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കൊലയ്‌ക്ക് ശേഷം കടന്നുകളഞ്ഞ ബാബുവിനെ സമീപത്തെ ബാറിൽനിന്നും ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. വ്യാഴം രാത്രി 8.30നായിരുന്നു കൊലപാതകം. മദ്യപിച്ച് വീട്ടിലെത്തിയ ബാബു മാതാപിതാക്കളുമായി വഴക്കുണ്ടാക്കി. തുടർന്ന് ഇരുവരെയും ആക്രമിച്ചു. സഹോദരിയെ ഫോണിൽ വിളിച്ചും അയൽവീട്ടിലെത്തിയും ഇരുവരെയും കുത്തിയതായി അറിയിച്ചു. നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. തങ്കരാജ് സംഭവസ്ഥലത്തും ആഗ്നസ് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലും മരിച്ചു.
ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നു. ചിത്രം: കെ എസ് ആനന്ദ്
വെള്ളിയാഴ്ച വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൊലയ്ക്കുപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. ഇതിൽ രക്തക്കറയുണ്ട്. അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ കത്തിയാണിത്. രാവിലെ ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. രക്തസാമ്പിളുകളും വിരലടയാളങ്ങളും സംഘം ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ സംഭവസ്ഥലം സന്ദർശിച്ച് വിവരങ്ങൾ തേടി. പകൽ ഒന്നോടെ പ്രതിയെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. യാതൊരുവിധ ഭാവഭേദവുമില്ലാതെയാണ് പ്രതി ബാബു പൊലീസിനൊട് കൊലപാതകം വിവരിച്ചത്. കൊലപാതകവിവരം സഹോദരിയേയും അയൽക്കാരെയും അറിയിച്ചശേഷം സ്വന്തം സൈക്കിളെടുത്താണ് പ്രതി ആലപ്പുഴ കളപ്പുരയിലെ ബാറിലേക്ക് പോയത്. ഈ സൈക്കിളും പൊലീസ് കണ്ടെടുത്തു.
കാലങ്ങളായി മട്ടാഞ്ചേരി പാലത്തിന് സമീപം ഇറച്ചിക്കടയിൽ തൊഴിലാളിയായിരുന്നു തങ്കരാജ്. മകൻ ഗബ്രിയേലും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തങ്കരാജിനൊപ്പം ചേർന്നു. മകളുടെ വിവാഹശേഷം പ്രായാധിക്യത്തെത്തുടർന്നാണ് തങ്കരാജ് ജോലിക്ക് പോകാതായത്. 2015വരെ തൊഴിൽ തുടർന്ന ഗബ്രിയേൽ പിന്നീടുനിർത്തി. പത്തുവർഷമായി മദ്യാപിക്കാൻ പണം കണ്ടെത്തിയിരുന്നത് തങ്കരാജിൽനിന്നും അധ്യാപികയായ സഹോദരിയിൽനിന്നുമായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങിയതോടെ ഇരുവരും പണം നൽകാതായി. ഇതിന് കാരണം അമ്മയാണെന്നായിരുന്നു ബാബുവിന്റെ വിശ്വാസം. കൊല നടന്ന ദിവസവും തങ്കരാജിനോട് പ്രതി 100 രൂപ ആവശ്യപ്പെട്ടതായാണ് വിവരം. നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആഗ്നസിന്റെയും തങ്കരാജിന്റെയും കക്ഷത്തിലും കഴുത്തിന്റെ പിന്നിലുമാണ് കുത്തേറ്റത്.









0 comments