ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; നിലവിൽ നടന്മാരെ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ല: എക്‌സൈസ്

കേസിൽ ചോദ്യം ചെയ്യലിനെത്തിയ ശ്രീനാഥ് ഭാസിയും ഷെെനും
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി സിനിമ നടൻമാർക്ക് ബന്ധമില്ലെന്ന് അന്വേഷണ സംഘത്തലവൻ എസ് അശോക് കുമാർ. ഷൈൻ ടോം ചാക്കോ ലഹരിമരുന്നിന് അടിമയായത് കൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. ഷൈനും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഈ കേസിൽ നടൻമാർക്കെതിരെ തെളിവില്ല, വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കും. കേസിന്റെ മെറിറ്റിനെ ബാധിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും അദ്ദേഹം അശോക് കുമാർ കൂട്ടിച്ചേർത്തു.
ഷൈൻ ടോം ചാക്കോയെ എക്‌സൈസ് ലഹരിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യലിനിടെ ലഹരിയിൽനിന്ന് പിൻമാറാൻ അത്മാർഥമായ അഗ്രഹമുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഷൈനിനെ എക്‌സ്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയത്.
താൻ ലഹരിക്ക് അടിമയാണെന്നും ബംഗളൂരുവിൽ ചികിത്സയിലാണെന്നും ഷൈൻ മൊഴിനൽകിയതായാണ് സൂചന. കുറച്ചുനാളുകളായി മെത്താംഫിറ്റമിനാണ് ഉപയോഗിച്ചിരുന്നത്. ഹൈബ്രിഡ് കഞ്ചാവിന്റെ ഇടപാടുകളില്ലെന്ന് മൊഴിനൽകിയതായാണ് വിവരം. ആലപ്പുഴ എക്‌സ്‌സൈസ് സർക്കിൾ ഓഫീസിൽ ചോദ്യം ചെയ്യലിനിടെ ഷൈൻ അസ്വസ്ഥത കാണിച്ചിരുന്നു. ലഹരി ഉപേക്ഷിക്കാൻ മരുന്ന് കഴിക്കുന്നുണ്ടെന്നും മരുന്ന് വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് വാങ്ങി നൽകാൻ എക്‌സ്‌സൈസ് തയ്യാറായി. ഇതിനായി ഉദ്യോഗസ്ഥനൊപ്പം പുറത്തിറങ്ങാൻ ഒരുങ്ങിയെങ്കിലും മാധ്യമ പ്രവർത്തകരെ കണ്ടതോടെ മടങ്ങി.
രാവിലെ 7.30നാണ് നടൻ ഷൈൻ ടോം ചാക്കോ ആലപ്പുഴയിൽ എത്തിയത്. 8.10ന് ശ്രീനാഥ് ഭാസിയും 8.30ന് മോഡൽ സൗമ്യയും ഹാജരായി. 10 നാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. സൗമ്യയിൽനിന്നാണ് എക്‌സ്‌സൈസ് ആദ്യം മൊഴിയെടുത്തത്. ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യങ്ങളിലേറെയും. തുടർച്ചയായി നാല് മണിക്കൂറോളം അന്വേഷകസംഘത്തലവൻ എക്‌സ്‌സൈസ് അസിസ്‌റ്റന്റ് കമീഷണർ എസ് അശോക്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾ ആരാഞ്ഞു. പിന്നാലെ ഷൈൻ ടോം ചാക്കോയിൽനിന്ന് വിവരങ്ങൾ തേടി.
ഇരുവരിൽനിന്നും ശേഖരിച്ച വിവരങ്ങൾ അവലോകനംചെയ്‌ത ശേഷം സൗമ്യയിൽ നിന്നും ഷൈനിൽനിന്നും വീണ്ടും വിവരങ്ങൾ തേടി. പിന്നീട് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തു. ഇതിന് ശേഷമാണ് വൈകിട്ട് ശ്രീനാഥ് ഭാസിയിൽനിന്ന് വിവരങ്ങൾ തേടിയത്. രാത്രി 7.10ന് ചോദ്യംചെയ്യൽ പൂർത്തിയാക്കി സൗമ്യ ആദ്യം മടങ്ങി. ഇതുവരെയുള്ള അന്വേഷണവിവരങ്ങളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ രാവിലെ ഒമ്പതിന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രിവരെ തുടർന്നു. കേസിൽ പ്രതിചേർക്കുന്നതടക്കമുള്ള തുടർ നടപടികൾ ഉടൻ വേണ്ടെന്നാണ് അന്വേഷകസംഘത്തിന്റെ തീരുമാനമെന്നാണ് വിവരം. ഇവരിൽനിന്ന് ശേഖരിച്ച വിവരങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തി ചോദ്യംചെയ്‌ത ശേഷമാകും തുടർനടപടി.









0 comments