വേദിയെ ത്രസിപ്പിച്ച് 
വിനീത് ശ്രീനിവാസൻ

അവിസ്മരണീയം ആഘോഷരാവ് ; അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ കൊട്ടിക്കലാശം ആവേശപ്പൂരമാക്കി മെട്രോനഗരം

Aksharamuttam Mega Event
വെബ് ഡെസ്ക്

Published on Jun 21, 2025, 11:00 PM | 2 min read


കൊച്ചി

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 13–-ാംപതിപ്പിന്റെ കൊട്ടിക്കലാശം ആവേശപ്പൂരമാക്കി മെട്രോനഗരം. ആഘോഷരാവിലേക്ക്‌ ഒഴുകിയെത്തിയ ജനാവലിക്ക്‌ അവിസ്‌മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ മെഗാ ഇവന്റ്‌. എട്ടുവർഷത്തിനുശേഷം കൊച്ചി ആതിഥ്യമരുളിയ ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഇവന്റ്‌ സൂപ്പർഹിറ്റാക്കി മഹാനഗരം.


ഉദ്‌ഘാടനം തുടങ്ങുംമുമ്പേ ഇൻഡോർ സ്‌റ്റേഡിയം നിറഞ്ഞിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കുട്ടികളും മുതിർന്നവരും മെഗാ ഇവന്റ്‌ വേദിയിലേക്കെത്തി. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ഇവന്റിന്‌ മിഴിവായി.


aksharamuttam


ജനനായകൻ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യൻ സിനിമയുടെ അഭിമാനമായ മോഹൻലാലും ഒന്നിച്ച്‌ വേദിയിലേക്ക്‌ എത്തിയതോടെ ചടങ്ങുകൾക്ക്‌ തുടക്കമായി. നിറഞ്ഞ കരഘോഷത്തോടെ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജേതാക്കളെ സദസ്സ്‌ വരവേറ്റു. മുഖ്യമന്ത്രിയുടെയും മോഹൻലാലിന്റെയും വാക്കുകൾ പ്രതിഭകളുടെ മുന്നോട്ടുള്ള വഴിയിൽ കൂടുതൽ വെളിച്ചംപകരുന്നതായി. മോഹൻലാലിന്റെ കൈയിൽനിന്ന്‌ മെമന്റോയും സർട്ടിഫിക്കറ്റും ക്യാഷ്‌ അവാർഡും ഏറ്റുവാങ്ങിയ ജേതാക്കളുടെ കണ്ണിൽ അഭിമാനത്തിന്റെ നക്ഷത്രത്തിളക്കം. മുഖ്യമന്ത്രിക്കും ഇഷ്ടതാരത്തിനും വിശിഷ്ടാതിഥികൾക്കുമൊപ്പം ഫോട്ടോ എടുത്താണ്‌ പ്രതിഭകൾ വേദിവിട്ടത്‌.

ദേശാഭിമാനിയുടെ ചരിത്രം വിവരിക്കുന്ന വീഡിയോയും പ്രദർശിപ്പിച്ചു.


aksharamuttam


ഉദ്‌ഘാടന, സമ്മാനദാന ചടങ്ങുകൾക്കുശേഷം വേദിയും സദസ്സും കീഴടക്കി വിനീത്‌ ശ്രീനിവാസനും സംഘവും. ആരാധകഹൃദയങ്ങളിൽ വിനീതിന്റെയും കൂട്ടുകാരുടെയും സ്വരമാധുരി പെയ്‌തിറങ്ങി. ഹിറ്റ്‌ ഗാനങ്ങൾ ആസ്വാദകർ ഒപ്പം പാടി, ചുവടുകൾ വച്ചു.


വേദിയെ ത്രസിപ്പിച്ച് 
വിനീത് ശ്രീനിവാസൻ

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സമ്മാനദാനവേദിയെ ആവേശത്തേരേറ്റി വിനീത് ശ്രീനിവാസനും സംഘവും. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട "ആയിരം കണ്ണുമായ്'  പാടിയായിരുന്നു തുടക്കം. തുടർന്ന്‌, കാണികളെ ഇളക്കിമറിച്ച് വിനീതിന്റെ ഹിറ്റ് ഗാനങ്ങളിലേക്ക്. ദർശനാ, അമ്മപ്പുഴയുടെ പൈതലായ്, ഒത്തൊരുമിച്ചൊരു തുടങ്ങിയ പാട്ടുകൾ പാടി. കുട്ടികളും മുതിർന്നവരും താളത്തിൽ അലിഞ്ഞ് ചുവടുവച്ചു. പുതിയ പാട്ടുകളും പഴയ പാട്ടുകളും ആസ്വാദകരുടെ മനംനിറച്ചു. കാണികളുമായുള്ള വിനീതിന്റെ സരസസംവാദവും ലൈവ്ഷോയുടെ മാറ്റുകൂട്ടി.


ദുർഗ, സമദ്, വിഷ്ണു ശിവ എന്നീ ഗായകരും ആസ്വാദകമനസ്സ്‌ കീഴടക്കി. തുടക്കംമുതൽ അവസാനംവരെ ആവേശംചോരാതെ മാസ്മരികസംഗീതത്താൽ അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങ് അവിസ്മരണീയമാക്കിയാണ് വിനീത് ശ്രീനിവാസനും സംഘവും വേദി വിട്ടത്.


സീസണിൽ വിനീത്‌ ശ്രീനിവാസൻ സംഘത്തിന്റെ കൊച്ചിയിലെ ആദ്യ ലൈവ്‌ മ്യൂസിക്‌ഷോയാണ്‌ അക്ഷരമുറ്റം മെഗാ ഇവന്റിനോടനുബന്ധിച്ച്‌ അരങ്ങേറിയത്‌. രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ നിറഞ്ഞ വേദി രണ്ടുമണിക്കൂർനീണ്ട മ്യൂസിക്‌ ഷോയ്ക്ക്‌ സാക്ഷിയായി.



deshabhimani section

Related News

View More
0 comments
Sort by

Home