‘അടിയന്തരാവസ്ഥ: അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ 50-ാം വർഷം’ സെമിനാർ 25ന്

തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ 50-ാം വാർഷികദിനമായ ജൂണ്‍ 25ന് ‘അടിയന്തരാവസ്ഥ : അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ 50-ാം വർഷം’ എന്ന പേരിൽ എ കെ ജി പഠന ഗവേഷണ കേന്ദ്രം സെമിനാർ സംഘടിപ്പിക്കുന്നു. വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാർ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനാവുന്ന ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകനും ന്യൂസ് ക്ലിക് എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത മുഖ്യപ്രഭാഷണം നടത്തും.
ഭരണഘടനയെയും ജനാധിപത്യത്തെയും നിരന്തരം ചോദ്യംചെയ്യുന്ന ഇന്നത്തെ ഇന്ത്യൻ ഭരണകൂടവും ഏതാണ്ട് അടിയന്തരാവസ്ഥയ്ക്ക് സമാനമായ ആശങ്കകൾ ജനിപ്പിക്കുന്നുണ്ടെന്നും ഇത്തരമൊരു സന്ദർഭത്തെ ഗൗരവമായി കണ്ടുകൊണ്ടാണ് സെമിനാർ നടത്തുന്നതെന്നും എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഭീതിദമായ കറുത്തനാളുകൾക്കാണ് 50 വർഷം പൂർത്തിയാവുന്നത്. എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റിൽപറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമർത്തി, ഭരണകൂടം അതിന്റെ ഫാസിസ്റ്റ് സ്വഭാവം പുറത്തെടുത്ത 21 മാസങ്ങളായിരുന്നു അത്. സ്വന്തം നിലനിൽപ് അപകടത്തിലാക്കുന്ന സന്ദർഭത്തിൽ മുതലാളിത്ത ഭരണകൂടം അതിന്റെ എല്ലാ ജനാധിപത്യ പൊയ്മുഖങ്ങളും എടുത്തുമാറ്റുമെന്നും ഭരണഘടന അനുശാസിക്കുന്ന എല്ലാ മൗലികാവകാശങ്ങളും കാറ്റിൽപറത്തുമെന്നും എതിർസ്വരങ്ങളെയെല്ലാം അരിഞ്ഞുവീഴ്ത്തുമെന്നും ഇന്ത്യൻ ജനതയ്ക്ക് നേരിട്ട് ബോധ്യംവന്ന കാലഘട്ടമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.









0 comments