കുപ്രചാരണങ്ങൾകൊണ്ട് ഒതുക്കി കളയാമെന്നത് വ്യാമോഹം; കെ ജെ ഷൈന് ഐക്യദാർഢ്യം: മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: സിപിഐ എം നേതാവ് കെ ജെ ഷൈനെതിരെ സംഘടിതമായി നടക്കുന്ന വ്യാജ പ്രചരണങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. വ്യാജപ്രചരണങ്ങളെ നിയമപരമായി നേരിടാൻ ഒരുങ്ങുന്നു എന്നത് പ്രതീക്ഷ ഉളവാക്കുന്നതാണെന്നും, ഷൈന് എല്ലാവിധ പിന്തുണയും നൽകുമെന്നും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
പൊതുരംഗത്തുള്ള സ്ത്രീകളെ വ്യാജപ്രചാരണങ്ങൾ കൊണ്ട് ഒതുക്കി കളയാമെന്നത് തീർത്തും വ്യാമോഹമാണ്. ആരോഗ്യ മന്ത്രി വീണ ജോർജ്, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെ നിരവധി ഇടതുപക്ഷ വനിതാ പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ആണധികാര സമൂഹത്തിൽ നിരവധി പ്രയാസങ്ങളെ അതിജീവിച്ചു കൊണ്ടാണ് സ്ത്രീകൾ പൊതുപ്രവർത്തനരംഗത്തും മറ്റ് സാംസ്കാരിക രംഗങ്ങളിലും നിലയുറപ്പിക്കുന്നത്. സ്ത്രീകളുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്താൻ വേണ്ടി നടത്തുന്ന ഈ ശ്രമങ്ങളെ സാമൂഹികമായും നിയമപരമായും ചെറുത്തു തോൽപ്പിക്കണമെന്നും മഹിളാ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.









0 comments