'വീട്ടില്‍ ഇരിക്കാന്‍ വയ്യ'; ക്ഷേത്രത്തിലെ കാതടപ്പിക്കുന്ന ശബ്ദത്തിനെതിരെ അഹാന കൃഷ്ണകുമാര്‍

Ahaana Krishna
വെബ് ഡെസ്ക്

Published on May 05, 2025, 11:11 PM | 1 min read

തിരുവനന്തപുരം: വീടിനടുത്തെ അമ്പലത്തില്‍ നിന്നുള്ള പാട്ടിന്റെ ഒച്ചയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അഹാനാ കൃഷ്ണകുമാര്‍. മരുതംകുഴിയിലെ വീടിനു സമീപമുള്ള അമ്പലത്തിന്റെ പാട്ട്‌ പെട്ടിയില്‍നിന്നുള്ള കാതടപ്പിക്കുന്ന ഒച്ചയിലെ പാട്ടുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബിജെപി നേതാവും അഭിനേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയായ അഹാനയുടെ വിമര്‍ശനം.


ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളില്‍ നടക്കുന്നത് കാണാന്‍ താല്പര്യമുള്ളവര്‍ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പി വച്ച് അറിയിക്കേണ്ട ആവശ്യമില്ല എന്നും അഹാന കൃഷ്ണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അമ്പലത്തില്‍ നിന്ന് ഭക്തിഗാനത്തിന് പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നതെന്നും അഹാന ചൂണ്ടിക്കാട്ടി. 'ഇതാണോ കാവിലെ പാട്ടുമത്സരം' എന്ന് ചോദിച്ച അഹാന ഒരാഴ്ചയിലേറെ ആയിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നും കുറിച്ചിട്ടുണ്ട്.


'ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചെവിക്ക് തകരാറു സംഭവിക്കുന്ന തരത്തില്‍ ഒരു സ്പീക്കറിലൂടെ കേള്‍ക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നാണ് അമ്പലങ്ങളുടെ ഭാരവാഹികള്‍ കരുതുന്നതെങ്കില്‍ തെറ്റി. നിങ്ങള്‍ അങ്ങനെ അനുമാനിക്കുന്നത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചു. ഇത്തരത്തില്‍ രാവിലെ ഒന്‍പതിന് ആരംഭിച്ച് രാത്രി പതിനൊന്നുവരെ ഉച്ചത്തില്‍ പാട്ടുവച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തി ഒരു ആഴ്ചയിലേറെയായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്ത് പോയി ഇത് കേള്‍ക്കും'- അഹാന കുറിച്ചു. വിവാദമായതോടെ കുറിപ്പ് പിൻവലിച്ചു.


'സരക്ക് വച്ചിരിക്കെ ഇറക്കി വച്ചിരിക്കെ കറുത്ത കോഴി മുളക് പോട്ട് വറുത്ത് വച്ചിരിക്കെ' എന്ന തമിഴ് ഡപ്പാം കൂത്ത് പാട്ടാണ് അമ്പലത്തില്‍ നിന്ന് കേട്ടത്. 'അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹര' എന്നാണ് അഹാന വീണ്ടും സ്റ്റാറ്റസില്‍ കുറിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home