ബൽറാമിനെതിരെ നടപടി ; പുറത്താക്കിയില്ലെന്ന് സതീശൻ , മാറ്റിയെന്ന് അടൂർ പ്രകാശ്

കൊച്ചി
ബീഡി ബിഹാർ പോസ്‌റ്റ് വിവാദത്തിൽ കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ വിഭാഗം ചുമതലയിൽനിന്ന് വി ടി ബൽറാം പുറത്തായതിൽ പരസ്‌പരവിരുദ്ധ നിലപാടുകളുമായി പ്രതിപക്ഷനേതാവും യുഡിഎഫ് കൺവീനറും. ബൽറാമിനെ ഒരു സ്ഥാനത്തുനിന്നും പുറത്താക്കിയിട്ടില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ബൽറാം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണ്. ഡിജിറ്റൽ മീഡിയയുടെ ചുമതലയൊഴിഞ്ഞതായി അറിയില്ല. കേരളത്തിൽ കോൺഗ്രസിന് ഔദ്യോഗിക ഡിജിറ്റൽ മീഡിയ സംവിധാനമുള്ളതായും അറിവില്ല. ഇക്കാര്യം കെപിസിസി അധ്യക്ഷനോട് ചോദിക്കണമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബൽറാമിനെ ഡിജിറ്റൽ മീഡിയ ചുമതലയിൽനിന്ന് നീക്കിയെന്നും കെപിസിസി അധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കിയെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയില്ലെങ്കിൽ രാഷ്‌ട്രീയ വനവാസത്തിന് പോകുമെന്നും സതീശൻ ആവർത്തിച്ചു. കെ സുധാകരന്റെ വിമർശത്തിലുള്ള അതൃപ്‌തിയും പ്രകടമാക്കി. വിമർശം എവിടെ പറയണം, എങ്ങനെ പറയണം എന്ന് പറയുന്നവർ ആലോചിക്കണമെന്നും സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ചോദ്യത്തിന് ആ ചാപ്റ്റർ അവസാനിച്ചെന്നും അതേക്കുറിച്ച് സംസാരിക്കില്ലെന്നുമായിരുന്നു പ്രതികരണം.









0 comments