എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു

തിരുവനന്തപുരം : കേരള എക്‌സൈസ് കമീഷണറായിരുന്ന എഡിജിപി മഹിപാൽ യാദവ് (60) അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച അദ്ദേഹം ശസ്‌ത്രക്രിയക്ക് ശേഷം രാജസ്ഥാനിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. രോഗം മൂർഛിച്ച് ജയ്പൂര്‍ മഹാത്മാഗാന്ധി ആശുപത്രിയില്‍ ബുധനാഴ്‌ച രാവിലെ പത്തോടെയായിരുന്നു അന്ത്യം. 1997 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ മഹിപാൽ യാദവ് 31ന് വിരമിക്കാനിരിക്കുകയായിരുന്നു. നിലവിൽ ചികിത്സാർഥം അവധിയിലായിരുന്നു.
രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉടൻ ശസ്‌ത്രക്രിയക്ക് വിധേയമാക്കി. എന്നാൽ ദിവസങ്ങൾക്കകം സ്ഥിതി ഗുരുതരമായി. തുടർന്ന് എയർ ആംബുലൻസ്‌വഴി നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഏറെക്കാലം കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു മഹിപാൽ യാദവ്. ബിഎസ്‌എഫ് ഇന്റലിജൻസ് എഡിജിപിയായി കാലവധി പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തെ എക്‌സൈസ് കമീഷണറായി നിയമിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയായും അദ്ദേഹത്തെ നിയമിച്ചിരുന്നു.
മഹിപാൽ യാദവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി എം ബി രാജേഷ് എന്നിവര്‍ അനുശോചിച്ചു.









0 comments