വരേണ്ട സമയത്ത് അംഗീകാരം എത്തും : വിജയരാഘവൻ

ഒളശയിലെ വീട്ടിൽ നടൻ വിജയരാഘവന് ഭാര്യ അനിത (സുമ) മധുരം നൽകുന്നു. സമീപം മരുമകൾ ശ്രുതിയും മക്കളായ ചിൻമൈയും വിജയ് ദേവനാരായനും ഫോട്ടോ: മനു വിശ്വനാഥ്
കോട്ടയം
‘‘അംഗീകാരങ്ങൾ വരേണ്ട സമയത്ത് വരും. വൈകിയെന്ന പരാതിയൊന്നുമില്ല’’. പൂക്കാലത്തിലെ ഇട്ടൂപ്പിനെ അനശ്വരനാക്കിയ വിജയരാഘവനെ തേടി ഇത്തവണ ദേശീയ അംഗീകാരം എത്തിയപ്പോൾ താരത്തിന്റെ പ്രതികരണം ഇങ്ങനെ. വെള്ളിയാഴ്‌ച എറണാകുളത്ത് ഡബ്ബിങ് കഴിഞ്ഞ് തിരിച്ചുവരുന്നവഴിക്ക് വൈക്കത്ത് എൻ എൻ പിള്ളയുടെ വീട്ടിൽ കയറിയപ്പോഴാണ് അവാർഡ് വിവരമറിഞ്ഞത്. വൈകിട്ട് കോട്ടയം ഒളശ്ശയിലെ വീട്ടിലെത്തിയപ്പോൾ കുടുംബാംഗങ്ങൾ സ്വീകരിക്കാൻ കാത്തുനിൽപ്പുണ്ടായിരുന്നു. കൊച്ചുമക്കളായ ചിന്മയിയും വിജയ് ദേവനാരായണനും മുത്തച്ഛന് ഉമ്മനൽകി സന്തോഷം പങ്കിട്ടു.
‘‘രാജ്യത്തിന്റെ അംഗീകാരം വളരെ വലുതാണ്. എനിക്ക് അഭിനയമാണ് എല്ലാം. മറ്റൊന്നും ഞാൻ ചെയ്‌തിട്ടില്ല. പ്രൊഫഷണൽ അഭിനയം തുടങ്ങിയിട്ട് 50 കൊല്ലത്തിലേറെയായി. സിനിമയിൽ വന്നിട്ട് 42 വർഷം. അതിനു മുമ്പും പ്രൊഫഷണൽ നാടകങ്ങളിൽ ഉണ്ടായിരുന്നു. ഇപ്പോൾ കിട്ടിയ പുരസ്‌കാരം പ്രതീക്ഷിച്ചതല്ല.
ഇത്രയും വർഷം സിനിമയിൽ നിൽക്കാൻ കഴിഞ്ഞതുതന്നെ വലിയകാര്യം. പ്രേക്ഷകരുടെ ഇഷ്ടമാണ് എന്നെ നയിക്കുന്നത്’’–-വിജയരാഘവൻ പറഞ്ഞു’. ഒളശയിലെ വീട്ടിലെത്തിയ മന്ത്രി വി എൻ വാസവൻ ഷാൾ അണിയിച്ച് വിജയരാഘവനെ സർക്കാരിന്റെ അഭിനന്ദനം അറിയിച്ചു.







0 comments