നിമിഷപ്രിയയുടെ പേരിൽ വ്യാജ പണപ്പിരിവ്: മുഖ്യമന്ത്രിക്ക് പരാതി നൽകി ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സംഭാവന അഭ്യർഥിച്ചുകൊണ്ടുള്ള വ്യാജ പോസ്റ്റിനെതിരെ സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൂട്ടായ്മയാണ് സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ. ഡോ. കെ എ പോൾ എന്ന വ്യക്തിയുടെ പേരിലുള്ള എക്സ് ഹാൻഡിൽ വഴിയാണ് വ്യാജ ധനസമാഹരണ പോസ്റ്റ് പ്രചരിപ്പിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കാം എന്നറിയിച്ചായിരുന്നു പോസ്റ്റ്.
ഇതുവരെ ഏതാണ്ട് 54000 ലധികം എക്‌സ് സബ്സ്ക്രൈബേഴ്സ് പോസ്റ്റ് കണ്ടിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇത്തരം ഒരു ധനസമാഹരണം നടത്തുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്‌തുത പോസ്റ്റ് വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം എക്സ് ഹാനഡിലിൽ കുറിച്ചു. മലയാളി പ്രവാസിയുടെ പേരിൽ കോടിക്കണക്കിന് രൂപ കേരളീയ സമൂഹത്തിൽ നിന്നും വിവിധ ഇന്ത്യക്കാരിൽ നിന്നും അനധികൃതവും കുറ്റകരവുമായി പിരിച്ചെടുക്കാനാണ് കെ എ പോൾ ശ്രമിക്കുന്നതെന്നും ഇത്തരം വ്യാജ അഭ്യർഥനകൾക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ പരാതിയിൽ പറയുന്നു.
കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ യമനിലെ സൂഫി പണ്ഡിതരുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തിന് ദിയാധനം നൽകി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 2017 മുതൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ദിയാധനമായി 8.3 കോടി രൂപയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത്.









0 comments