മാനസിക പീഡനമെന്ന് വിദ്യാർഥിയുടെ പരാതി: കോട്ടയം മെഡി. കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയെ സ്ഥലംമാറ്റി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ലിസാ ജോണിനെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഉത്തരവ്. ഡോ. ലിസാ ജോണിൽനിന്ന് അപകടകരമായ ശാരീരിക– മാനസിക പീഡനം നേരിടുന്നത് സംബന്ധിച്ച് ഫോറൻസിക് വിഭാഗത്തിലെ പി ജി വിദ്യാർഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിയെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രൂപീകരിച്ച അന്വേഷണ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
മാനസിക പീഡനം, പരസ്യമായി അസഭ്യം പറയുക, പരീക്ഷയിൽ തോൽപിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി ഫോറൻസിക് മൂന്നാംവർഷ വിദ്യാർഥി വിനീത് കുമാർ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, കോളേജ് പ്രിൻസിപ്പൽ എന്നിവർക്കാണ് പരാതി നൽകിയത്. നവംബർ എട്ടിനാണ് പരാതിക്ക് ആസ്‌പദമായ സംഭവം. ലിസ ജോൺ തന്നെ അസഭ്യം പറഞ്ഞെന്നും മുഖത്ത് അടിക്കാൻ വന്നെന്നും വിനീത് കുമാർ ആരോപിച്ചിരുന്നു. അശ്ലീലം കലർന്ന പരാമർശങ്ങളുണ്ടായതായും പരാതിയിൽ പറഞ്ഞു.
2023 നവംബറിലും സമാനമായ സംഭവം നടന്നതായി പരാതിയിലുണ്ട്. അന്നേദിവസം മോർച്ചറിയിൽ ഓട്ടോപ്സിക്കിടയിൽ ഡോ. ലിസ ജോൺ തന്നോട് കുപിതയായി സംസാരിച്ചുവെന്നും രണ്ടുപ്രാവശ്യം മോർച്ചറി ബാൻ നേരിടേണ്ടിവന്നതായും വിനീത് കുമാർ ആരോപിച്ചിരുന്നു. ഡോ. ലിസാ ജോണിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ കോട്ടയം മെഡിക്കൽ കോളേജ് യൂണിറ്റ് കമ്മിറ്റിയും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.









0 comments