അപകടത്തിൽപ്പെട്ട വാഹനത്തിന് ഇൻഷുറൻസ് ലഭിച്ചില്ല: 10 ലക്ഷം നഷ്ടപരിഹാരം നിർദേശിച്ച് ഉപഭോക്തൃ കമീഷൻ

court
വെബ് ഡെസ്ക്

Published on Feb 04, 2025, 07:26 PM | 1 min read

മലപ്പുറം: അപകടത്തിൽപെട്ട വാഹനത്തിന് രണ്ട് വർഷമായി ഇൻഷുറൻസ് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന പരാതിയിൽ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃ കമീഷൻ. പരാതിക്കാരന് ഇൻഷുറൻസ് തുകയായി ഒൻപത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം പന്തലൂർ കടമ്പോട് സ്വദേശി ഷിബുവിന്റെ കാർ 2022 മെയ് 30 നാണ് മഞ്ചേരിയിൽ അപകടത്തിൽപെട്ട് പൂർണ്ണമായി തകർന്നത്. അപകടം നടന്ന് രണ്ടാഴ്ചക്കകം വാഹനം വർക്ക്‌ഷോപ്പിൽ എത്തിച്ചിരുന്നു. എന്നാൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് അനുവദിക്കാൻ തയ്യാറാകാത്തതിനാൽ വാഹനം റിപ്പെയർ ചെയ്യാനായില്ല.


ഒരു വർഷമായിട്ടും തുക അനുവദിക്കാതെ ഇരുന്നതിനാലാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. വാഹനം ഓടിക്കുമ്പോഴുള്ള നിയമങ്ങൾ പാലിച്ചിട്ടില്ലെന്നും മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നിലവിലുണ്ടെന്നും ഈ കേസിൽ വിധി വന്നാലാണ് ഇൻഷൂറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടോ എന്ന് തീരുമാനിക്കാനാവുകയുള്ളു എന്നുമാണ് കമ്പനി വാദിച്ചത്. റിപ്പയർ ചെയ്യാതെ വർക്ക്‌ഷോപ്പിൽ വാഹനം കിടക്കുന്നതിനാൽ പ്രതിദിനം 750 രൂപ വാടക നൽകണമെന്ന് വർക്ക്‌ഷോപ്പ് ഉടമയും ആവശ്യപ്പെട്ടു.


രേഖകൾ പരിശോധിച്ച കമ്മീഷൻ ഇൻഷുറൻസ് വൈകിക്കുന്നതിന് മതിയായ കാരണമില്ലെന്ന് കണ്ടെത്തി. പരാതിക്കാരന് ഇൻഷൂറൻസ് തുകയ്ക്കും നഷ്ടപരിഹാരത്തിനും നിർദേശിച്ചു. കൂടാതെ വാഹനം വർക്ക് ഷോപ്പിൽ നിന്നും കമ്പനി എടുത്തു മാറ്റണമെന്നും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകണമെന്നും കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശയും നൽകണം. യൂണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയാണ് വിധി നടപ്പാക്കേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home