കണ്ണൂരിൽ കാറിടിച്ച് ബൈക്ക് യാത്രികനും കുടുംബവും ഗുരുതരാവസ്ഥയിൽ

ആലക്കോട്: കണ്ണൂർ ആലക്കോട് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനും കുടുംബത്തിനും ഗുരുതര പരിക്കേറ്റു. കുടുംബശ്രീ കാസർകോട് ജില്ല പ്രോഗ്രാം ഓഫീസർ തലവിലെ പി കെ രത്നേഷ് (33), ഭാര്യ അശ്വതി (24), മകൾ ഇഷാനി (മൂന്ന്) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മലയോരം ഹൈവേയിൽ നടുവിൽ ബിടിഎം ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്നിൽ വച്ചാണ് അപകടം. രത്നേഷും കുടുംബവും തലവില്‍ നിന്നും ചേപ്പറമ്പിലുള്ള ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെ എതിർ ഭാഗത്തുനിന്നും രണ്ട് വാഹനങ്ങളെ മറികടന്ന് തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പെരുമ്പടവ് സ്വദേശി അനീഷ് ആയിരുന്നു കാറോടിച്ചത്. വാടകയ്ക്കെടുത്ത കാറായിരുന്നു ഇയാൾ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും കാറിൻറെ മുൻഭാഗവും തകർന്നു.









0 comments