എബിവിപി പ്രതിഷേധത്തിന് പിന്നിൽ രാജ്ഭവൻ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എബിവിപി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്‌ഭവനിലെ രണ്ട് ആർഎസ്എസുകാർക്ക് ഇതിൽ പങ്കുണ്ട്. അവരാണ് ഗവർണർക്ക് ഉപദേശം കൊടുക്കുന്നത്. രാജ്‌ഭവനിലെ സംഭവത്തിനു ശേഷം എബിവിപി, യുവമോർച്ച, കെഎസ്‌യു സംഘടനകളുടെ നേതൃത്വത്തിൽ ആക്രമിക്കുകയും യാത്ര തടസപ്പെടുത്തുകയുമാണ്.
എന്തിനു വേണ്ടിയാണ് കാറിനു മുന്നിലേക്ക് എടുത്തു ചാടുന്നതെന്ന് മനസിലാകുന്നില്ല. സമരത്തിന് എതിരല്ല. പക്ഷേ അതിന് ഒരു ന്യായവും നീതിയും വേണം. പതിയിരുന്നല്ല സമരം നടത്തേണ്ടതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തെരുവിൽ മനപൂർവ്വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശനിയാഴ്‌ച തമ്പാനൂരിൽ എബിവിപിക്കാർ പ്രകോപനമുണ്ടാക്കി. വാഹനത്തിലെ ദേശീയപതാക വലിച്ചു കീറി. രാജ്‌ഭവനിൽ ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം പൗരനെന്ന നിലയിലും മന്ത്രിയെന്ന നിലയിലുമുണ്ട്.
ഞാൻ ആ കടമ നിർവഹിച്ചു. അത് അവിടെ അവസാനിച്ചു. കഴിഞ്ഞ ദിവസം വഴുതക്കാട് ജങ്‌ഷനിൽ ഏഴു എബിവിപിക്കാരാണ് പ്രതിഷേധിക്കാൻ ഉണ്ടായിരുന്നത്. രാത്രിയിൽ വീടിനു മുന്നിൽ എബിവിപിക്കാർ മാധ്യമങ്ങളെ അറിയിച്ചാണ് പ്രതിഷേധിക്കാൻ എത്തിയത്. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നു പോലും അവർക്കറിയില്ല. കോഴിക്കോട് ആറു സ്ഥലത്ത് വണ്ടി തടഞ്ഞു. അതിൽ ഒരു സ്ഥലത്ത് കെഎസ്‌യുക്കാരും ഉണ്ടായിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് പോലും ഉന്നയിക്കപ്പെടാത്ത പ്ലസ് വൺ സീറ്റ് വിഷയമുയർത്തിയാണ് കെഎസ്‌യു സമരം നടത്തിയത്. നേമത്ത് ഉണ്ടായ പ്രതിഷേധം ബിജെപി അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യം മൂലമാണ്. കഴിഞ്ഞ ദിവസം കൊച്ചു കുട്ടികൾ ഉൾപ്പെടെ തനിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. സമരം നടക്കുമ്പോൾ സ്വാഭാവികമായും എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ വരുമെന്ന് മന്ത്രി പറഞ്ഞു.









0 comments