നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് എബിവിപി

തമ്പാനൂർ പൊലീസ് സ്റ്റേഷൻ മാർച്ചിൽ മുളവടിയുമായി എത്തിയ എബിവിപി പ്രവർത്തക
സ്വന്തം ലേഖിക
Published on Jun 23, 2025, 01:26 AM | 1 min read
തിരുവനന്തപുരം: നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണ പരമ്പര. ശനിയാഴ്ച രാത്രി മുതൽ ആരംഭിച്ച ആക്രമണങ്ങൾ ഞായർ വൈകിട്ടും തുടർന്നു. ബോധപൂർവം പ്രശ്‌നം സൃഷ്‌ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങളുമായാണ് പ്രവർത്തകരെത്തിയത്. ഞായർ വൈകിട്ട് തമ്പാനൂർ പൊലീസ് സ്‌റ്റേഷനിലേക്ക് എബിവിപി നടത്തിയ മാർച്ചും സംഘർഷഭരിതമായി.
മുളവടിയുമായി എത്തിയ എബിവിപിക്കാർ പൊലീസിനെ കൈയേറ്റം ചെയ്തു. കേരള സ്റ്റേറ്റ് ഹെഡ്-ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച സിഐടിയു പതാക വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്‌ടിച്ചു. അക്രമം അതിരുവിട്ടതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുമലയിൽവച്ച് മന്ത്രി വി ശിവൻകുട്ടിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മന്ത്രിയുടെ വാഹനം കടന്നുപോയതിനുശേഷമാണ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയത്. പ്രതിഷേധം തുടർന്ന പ്രവർത്തകരെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി.
വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന സംഭവത്തിന് ശേഷമാണ് സംഘടിത ആക്രമണങ്ങൾ ആരംഭിച്ചത്. അതേസമയം ഏത് വിഷയത്തിലാണ് ആക്രമണം നടത്തുന്നതെന്ന വ്യക്തത എബിവിപി നടത്തിയിട്ടില്ല. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ല, കാവിക്കൊടിയേന്തിയ സ്ത്രീയെ ബഹുമാനിച്ചില്ല, എബിവിപി ഭാരവാഹിയെ ആക്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ശനിയാഴ്‌ച തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എബിവിപിക്കാർ നടത്തിയ അക്രമത്തിൽ മന്ത്രിയുടെ വാഹനത്തിലെ ദേശീയപതാകയടക്കം വലിച്ചു കീറിയിരുന്നു. കൂടാതെ മന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുമ്പിൽ രാത്രിയിലും എബിവിപിക്കാർ തമ്പടിക്കുന്നുണ്ട്. ശനിയാഴ്ച പാപ്പനംകോടുള്ള എംഎൽഎ ഓഫീസിനുമുമ്പിൽ നടത്തിയ പ്രതിഷേധത്തിന്റെ കാരണം ബിജെപിയും വ്യക്തമാക്കിയിട്ടില്ല.









0 comments