അബ്ദുൾ റഹീമിന്റെ മോചനം: ഹർജി ഇന്ന് പരി​ഗണിക്കും

abdu rahim
avatar
സ്വന്തം ലേഖകൻ

Published on Dec 30, 2024, 01:01 PM | 1 min read

റിയാദ് > സൗദി ജയിലിലുള്ള അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈ മാസം 12ന്  സാങ്കേതിക കാരണങ്ങളാൽ കേസ് പരി​ഗണിക്കുന്നത് കോടതി മാറ്റി വച്ചിരുന്നു. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവും നൽകുമെന്നാണ് വിശ്വാസമെന്ന് അബ്ദുൾ റഹീമിന്റെ കുടുംബത്തിന്റെ വിശ്വാസം. കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തിൽ റഹീമിന് നിർണായകമാണ്.

2006ലാണ്‌ അബ്ദുൾ റഹീം സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന്‌ ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നായിരുന്നു ഇത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) മലയാളികൾ ഒന്നാകെ ശേഖരിച്ചാണ് നൽകിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ  ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ കോടതിയുടെ പരി​ഗണനയിലുള്ളത്.

മരിച്ച ബാലനും റഹീമും തമ്മിൽ മുൻവൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലൻ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വർഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്ലിക്ക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകൻ കോടതിയിൽ നൽകിയ ഹർജി. 18 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തിൽ കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്  റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൾ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ മാസം നേരിൽ കണ്ടു സംസാരിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home