തെരുവുനായ ആക്രമണം; എബിസി നിയമത്തിൽ ഇളവുവേണം

സ്വന്തം ലേഖിക
Published on May 07, 2025, 12:15 AM | 1 min read
തിരുവനന്തപുരം : തെരുവുനായ ആക്രമണം ഇല്ലാതാക്കാൻ നായകളുടെ വന്ധ്യംകരണം മാത്രമാണ് ഏകവഴിയെന്നിരിക്കെ നിയമം കർക്കശനമാക്കി കേന്ദ്രസർക്കാർ. എബിസി കേന്ദ്രത്തിൽ തെരുവുനായയെ വന്ധ്യംകരിക്കണമെങ്കിൽ അവിടത്തെ ഓപ്പറേഷൻ തിയറ്റർ എയർ കണ്ടീഷൻഡ് ആയിരിക്കണം, നിശ്ചിത വർഷം അനുഭവസമ്പത്തുള്ള ഡോക്ടറുടെ സേവനം വേണം, ശസ്‌ത്രക്രിയക്കുശേഷം ആറുദിവസം സംരക്ഷിക്കണം, മുറിവ് ഉണങ്ങിയതിനുശേഷം മാത്രമെ പുറത്തുവിടാവൂ, എബിസി കേന്ദ്രത്തിൽ റഫ്രിജറേറ്റർ വേണം എന്നിവയാണ് കേന്ദ്രചട്ടം അനുശാസിക്കുന്നത്. എന്നാൽ ഫലത്തിൽ ഇക്കാര്യങ്ങളൊന്നും നടപ്പിലാക്കാൻ സാധിക്കില്ല. ഈ വ്യവസ്ഥകളിൽ ഇളവുവരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തയ്യാറാകുന്നുമില്ല. ഇതിൽ അയവുവരുത്തണമെന്നാവശ്യപ്പെട്ട് കേരളത്തിനുവേണ്ടി എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് എംപിമാർ അതിനു തയ്യാറായിട്ടില്ല. തെരുവുനായ്ക്കളുടെ വംശവർധന നിയന്ത്രിക്കുക, പേവിഷബാധ തടയുക, തെരുവുകളിലെ മാലിന്യ നിക്ഷേപം നിരുത്സാഹപ്പെടുത്തുക എന്നീ മൂന്നുകാര്യങ്ങളിലൂടെ മാത്രമെ തെരുവുനായ ആക്രമണം ഇല്ലാതാക്കാൻ കഴിയൂ. സംസ്ഥാനത്ത് തദ്ദേശവകുപ്പും തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് ഈ പ്രവർത്തനം നടത്തുന്നത്.
നിലവിൽ 15 അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് നടപടികളുമായി. തെരുവുനായ്ക്കളെ പാർപ്പിക്കുന്ന ഷെൽട്ടറും അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രവും സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ പ്രദേശികമായ എതിർപ്പും വലിയ തടസ്സമാണ്. 2024-–-25 സാമ്പത്തിക വർഷത്തിൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ, എബിസി പ്രോഗ്രാം, റാബീസ് ഫ്രീ കേരള തുടങ്ങിയ പരിപാടികൾക്കായി 47.60 കോടി രൂപ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് നീക്കി വച്ചിട്ടുണ്ട്. 2016 മുതൽ 2024 ആഗസ്തുവരെ സംസ്ഥാനത്ത് ആകെ 1,09,119 നായകളെ വന്ധ്യംകരണം നടത്തി.









0 comments