വിശ്വാസികളും കമ്യൂണിസ്‌റ്റുകാരും സഹകരിക്കേണ്ട കാലം: ബിനോയ് വിശ്വം

തൃശൂർ: മതവിശ്വാസികളും കമ്യൂണിസ്‌റ്റുകാരും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതിന്റെ ലക്ഷ്യം മുനഷ്യനന്മയായിരിക്കണം. ചെമ്പുപൂശിയ കീരിടവും കേക്കുമായി ആട്ടിൻ തോലണിഞ്ഞ ചെന്നായ്‌ക്കൾ എത്തുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കോസ്‌റ്റ്‌ഫോർഡും അച്ചുതമേനോൻ പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച അച്ചുതമേനോൻ സ്‌മൃതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവൃത്തികളിൽ ലാഭം മാത്രമാണന്ന് വന്നാൽ മതവും പ്രത്യയശാസ്‌ത്രങ്ങളും പറയുന്ന മൂല്യങ്ങൾ താഴെ വീഴുമെന്ന് അന്തരിച്ച ഫ്രാൻസീസ് മാർപ്പാപ്പ പറയാറുണ്ട്. മൂലധനശക്തികൾ എല്ലാത്തിനേയും അടിമകളാക്കുന്നു. ലാഭത്തിന്റെ യാത്രയിൽ ദുർബലരെ തളളിവീഴ്‌ത്തുന്നു. സ്‌ത്രീകളെ ചൂഷണം ചെയ്യുന്നു. യുവാക്കളെ വഞ്ചിക്കുന്നു. പ്രകൃതിയെ ചവിട്ടി മെതിക്കുന്നതായും മാർപ്പാപ്പ പറഞ്ഞിട്ടുണ്ട്. ഇത് മാർക്‌സിസ്‌റ്റ് ആശയവുമായി ചേർന്ന് നിൽക്കുന്നു.
ഇടതുപക്ഷ വികസനത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. ഭൂരിപക്ഷം ജനങ്ങളുടെ ജീവിതാവസ്ഥയിൽ മാറ്റം വരണം. തൊഴിൽ, വിദ്യാഭ്യാസം എല്ലാം ഒരുക്കണം. പ്രകൃതിയും സംരക്ഷിക്കണം. എന്നാൽ വലതുപക്ഷ വികസനത്തിന്റെ കേന്ദ്രബിന്ദു ലാഭം മാത്രമാണ്. അതിൽ മനുഷ്യന് വിലയില്ലെന്നും അദ്ദേഹം പറഞ്ഞു.എസ് എം വിജയാനന്ദ് അച്ചുതമേനോൻ അനുസ്‌മരണ പ്രഭാഷണം നടത്തി. സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യവും ഡിജിറ്റൽ കാലവും എന്ന വിഷയത്തിൽ നിഖിൽ ഡേ സ്‌മാരക പ്രഭാഷണം നടത്തി. ഡോ. സി സി ബാബു അധ്യക്ഷനായി. സി ചന്ദ്രബാബു സംസാരിച്ചു.









0 comments