‘എപ്റ്റരേട്സ് സുനിലി‘; മത്സ്യത്തൊഴിലാളിയുടെ പേരിലൊരു മത്സ്യം

സുനിൽരാജ് , ഹാഗ് ഫിഷ്
കരുനാഗപ്പള്ളി: തീരദേശ ഗ്രാമമായ ആലപ്പാട് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളിയുടെ പേരിലൊരു മത്സ്യം. അപൂർവയിനം മത്സ്യത്തെ കണ്ടെത്തിയ ആലപ്പാട് വലിയവീട്ടിൽ സുനിൽരാജിനുള്ള അംഗീകാരമായി ‘എപ്റ്റരേട്സ് സുനിലി‘ (Eptatretus Sunili) എന്ന് പേരിട്ടു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡീപ്പ് ഓഷൻ മിഷൻ പദ്ധതിയുടെ ഭാഗമായ സിറ്റിസൺ സയൻസിൽ കൊല്ലത്ത് ശക്തികുളങ്ങര ഭാഗത്ത് കടലിൽനിന്ന് ലഭിച്ച അപൂർവയിനം മത്സ്യത്തെ സുനിൽരാജ് കൈമാറുകയായിരുന്നു. മീൻപിടിത്തത്തിനിടെ വലയിൽ കുടുങ്ങിയ മത്സ്യം ഹാഗ് ഇനത്തിൽപ്പെട്ടതാണ്.
ചെറുപ്പംമുതൽ മത്സ്യഗവേഷണത്തിൽ തൽപ്പരനായിരുന്ന സുനിൽരാജ് ഫിഷറീസ് സ്കൂളിൽ വിഎച്ച്എസ്‌സി ഫിഷ് പ്രോസസിങ് പഠനം പൂർത്തിയാക്കി. എന്നാൽ, തുടർപഠനം കഴിയാതെവന്നതോടെ ഉപജീവനത്തിനായി മത്സ്യത്തൊഴിലാളിയായി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സിഎംഎഫ്ആർഎ തുടങ്ങിയ ഏജൻസികളിൽനിന്ന് പഠനത്തിനായി എത്തുന്നവർക്ക് പ്രധാന സഹായി. തനിക്ക് ലഭിക്കുന്ന അപൂർവ മത്സ്യ ഇനങ്ങളെ പഠനസംഘത്തിന് കൈമാറുമായിരുന്നു. ഇതുവരെ കണ്ടെത്തിയത് ആറു ചെകിളയുള്ള ഹാഗ്ഫിഷിനെയാണ്. പുതുതായി കണ്ടെത്തിയതിന് എട്ടു ചെകിളയുണ്ട്.
സിറ്റിസൺ സയൻസ് പഠനസംഘത്തിന്റെ ചെന്നൈ ഹെഡ് ഡോ. കെ കെ ബിനീഷും സംഘവുമാണ് മത്സ്യത്തിന് സുനിൽരാജിന്റെ പേര് നൽകിയത്. മത്സ്യഗവേഷണ മേഖലയിലുള്ള താൽപ്പര്യമാണ് ഇത്തരത്തിൽ ഇടപെടാൻ സുനിൽരാജിന് പ്രേരണയായത്. പൊന്നിയാണ് ഭാര്യ. മക്കൾ: ദേവയാനി, ദേവാംഗന.









0 comments