പാതിവില തട്ടിപ്പ് ; എ എൻ രാധാകൃഷ്‌ണൻ ചോദ്യംചെയ്യലിന് ഹാജരായില്ല

കൊച്ചി : പാതിവില തട്ടിപ്പുകേസിൽ ചോദ്യംചെയ്യലിന് ഹാജരാകാനെത്തിയ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ മാധ്യമപ്രവർത്തകരെ കണ്ടതോടെ മുങ്ങി. ചോദ്യംചെയ്യലിന് ഹാജരാകാനായി തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വരുന്നതിനിടെ മാധ്യമപ്രവർത്തകരെക്കണ്ട് വാഹനം വഴിതിരിച്ചു വിട്ടു.
കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി എ എൻ രാധാകൃഷ്ണൻ പ്രസിഡന്റായ ‘സൈൻ’ സൊസൈറ്റി സാമ്പത്തിക ഇടപാട് നടത്തിയ പശ്ചാത്തലത്തിലാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ചൊവ്വ പകൽ 11ന് എത്താനായിരുന്നു നിർദേശം. കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കെടുക്കുന്ന പരിപാടിയിലെത്തേണ്ടതുണ്ടെന്നും ചോദ്യംചെയ്യലിന് മറ്റൊരു ദിവസം അനുവദിക്കണമെന്നും വ്യക്തമാക്കി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ്‌പി എം ജെ സോജന് പിന്നീട് കത്ത് നൽകി.
അനന്തു കൃഷ്‌ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ രേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തിയതായി അനന്തുകൃഷ്‌ണന്റെയും ജീവനക്കാരുടെയും മൊഴിയുമുണ്ട്.
പദ്ധതിയുടെ തുടക്കംമുതൽ കരാർ ഒപ്പിട്ട് അനന്തുവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ഇതെല്ലാം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എ എൻ രാധാകൃഷ്‌ണനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചത്. ചോദ്യംചെയ്യലിനായി വീണ്ടും നോട്ടീസ് നൽകുമെന്ന് എസ്‌പി എം ജെ സോജൻ പറഞ്ഞു.









0 comments