ആന്റണി‘പ്പണി ’യിൽ ഞെട്ടി കോൺഗ്രസ്

തിരുവനന്തപുരം
ശിവഗിരിയിലും മുത്തങ്ങയിലും നടത്തിയ പൊലീസ് വേട്ടയിൽ ഖേദം പ്രകടിപ്പിച്ച എ കെ ആന്റണിയുടെ വാർത്താസമ്മേളനം തിരിച്ചടിച്ചെന്ന് കോൺഗ്രസ് നേതൃത്വം. ആന്റണി ഭരണത്തിലെ പിടിപ്പുകേട് സമ്മതിക്കുന്നതും ശിവഗിരി–മുത്തങ്ങ വേട്ടയാടലുകളിൽ നാട്ടുകാരുടെ വിമർശങ്ങളെല്ലാം ശരിവയ്ക്കുന്നതുമായി ആന്റണിയുടെ കുന്പസാരം.
കോൺഗ്രസ് പ്രതിരോധത്തിലായെന്ന് നിയമസഭയലിലും വ്യക്തമായി. ആന്റണിയുടെ ശിവഗിരി പരാമർശം സഭയിൽ ഉന്നയിക്കുന്നതിനെ പല്ലും നഖവുമുപയോഗിച്ച് എതിർക്കുകയായിരുന്നു കോൺഗ്രസ് അംഗങ്ങൾ. കുറ്റസമ്മതംകൊണ്ട് പ്രയോജനമില്ലെന്ന് ശിവഗിരി മഠത്തിന്റെയും മറ്റും പ്രതികരണങ്ങളും വ്യക്തമാക്കി.
മുത്തങ്ങയിലെ പൊലീസ് നടപടി യുഡിഎഫ് തീരുമാനപ്രകാരമാണെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ തുറന്നടിച്ചതും കോൺഗ്രസിൽ പുതിയ പ്രശ്നങ്ങളിലേക്ക് വഴിവെട്ടുന്നു. നേരത്തേതന്നെ പൊതുമണ്ഡലത്തിലുള്ള കമീഷൻ റിപ്പോർട്ടുകൾ വീണ്ടും പുറത്തുവിടണമെന്ന് ആന്റണി ആവശ്യപ്പെട്ടതിലും നേതാക്കളിൽ സംശയങ്ങളുണ്ട്. സ്വയം പരിഹാസ്യനായി ഇത്തരത്തിൽ ഒരാവശ്യവുമായി മുതിർന്ന നേതാവ് എന്തിന് രംഗത്തുവന്നെന്നാണ് ചോദ്യം.
വാര്‍ത്താസമ്മേളനം അസ്ഥാനത്തായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്താൻ വച്ചിരുന്ന പല വിഷയങ്ങളുടെയും മുനയൊടിഞ്ഞെന്നുമാണ് കെപിസിസി ഭാരവാഹിതന്നെ പ്രതികരിച്ചത്. ശ്രദ്ധ ശിവഗിരി, മുത്തങ്ങ വെടിവെപ്പിലേക്ക് വഴിമാറ്റി. യുഡിഎഫ് സര്‍ക്കാരിനെതിരെ സഭയില്‍ ആരോപണം ഉയർന്നപ്പോൾ പ്രതിരോധിക്കാന്‍ 85 വയസുള്ള അന്നത്തെ മുഖ്യമന്ത്രി രംഗത്ത് ഇറങ്ങേണ്ടി വന്നതിലെ അമർഷമാണ് ഒരു വിഭാഗത്തിനുള്ളത്.
പ്രതിരോധിക്കേണ്ടിയിരുന്നു : രമേശ് ചെന്നിത്തല
എ കെ ആന്റണിയെ കുറിച്ച് പറയുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ പ്രതിരോധിക്കേണ്ടതായിരുന്നു എന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി പറയുന്പോൾ ഇടപെടാൻ കഴിയില്ല. ഇ ചന്ദ്രശേഖരൻ ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച് പറയുമ്പോൾ താൻ സീറ്റിലുണ്ടായിരുന്നില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 144 പൊലീസുകാരെ പിരിച്ചുവിട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. അന്പതിൽ താഴെപേരെ മാത്രമാണ് പിരിച്ചുവിട്ടത്. സർവീസിൽനിന്ന് ദീർഘകാലം വിട്ടുനിന്നവരെ മാത്രമാണ് പിരിച്ചുവിട്ടത്. ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചു വർഷത്തിൽ 61 പൊലീസുകാരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ട പൊലീസുകാരുടെ പട്ടിക പുറത്തുവിടാൻ മുഖ്യമന്ത്രി തയ്യാറാകണം.
മുത്തങ്ങയിൽ ആദിവാസി വെടിയേറ്റു മരിച്ച സംഭവത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പൊലീസുകാരനെ അടിച്ചുകൊന്നൊപ്പോൾ ഉണ്ടായ സ്വാഭാവിക നടപടിയാണ് അവിടെ നടന്നത്. ആഗോള അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കാനാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.









0 comments