അനാവശ്യ ചർച്ച നിർത്തണം: എ കെ ആന്റണി

തിരുവനന്തപുരം
അനാവശ്യചർച്ചകൾ നടത്തി സമയംകളയരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി പ്രവർത്തക സമിതിയംഗം എ കെ ആന്റണി. ഇപ്പോൾ കോൺഗ്രസിനുള്ളിൽ നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നും എടുത്തുചാട്ടം അപകടമാണെന്നും അദ്ദേഹം നേതാക്കൾക്ക് താക്കീത് നൽകി. ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിനുവേണ്ടി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആന്റണി.
ദേശീയതലത്തിൽ ആർഎസ്‌എസിനേയും ബിജെപിയേയും നേരിടാൻ കോൺഗ്രസ് മാത്രം പോര. അതുമനസിലാക്കിയാണ് ഇന്ത്യ മുന്നണി രൂപീകരിച്ചത്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. ഇവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് താനല്ല. കെ സുധാകരനും കെപിസിസിയുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം നേടാനാണ് ആദ്യം പരിശ്രമിക്കേണ്ടത്. അതിനിടയിൽ അനാവശ്യ ചർച്ചകൾ വേണ്ട. അനുഭവം പഠിപ്പിച്ചതാണ് പറയുന്നത്. ഇഷ്‌ടമുണ്ടെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ സ്വീകരിക്കാതിരിക്കാം–- ആന്റണി പറഞ്ഞു. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിലിരിക്കെയായിരുന്നു വിമർശനം.









0 comments