മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകൾ

ആരോ​ഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചത് 9667, അനുവദിച്ചത് 9994 കോടിരൂപ: ധനമന്ത്രി ബാല​ഗോപാൽ

BALAGOPALAN POST
വെബ് ഡെസ്ക്

Published on Jun 30, 2025, 06:07 PM | 2 min read

തിരുവനന്തപുരം : പൊതുജനാരോഗ്യ മേഖലയ്‌ക്ക് ബജറ്റിൽ പ്രഖ്യാപിച്ചതിലും കൂടുതലാണ് അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രി ബാല​ഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) 9667 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തൽ. അനുവദിച്ചു നൽകിയതാകട്ടെ 9994 കോടി രൂപയും. ചെലവ് 103 ശതമാനം. ചില മേഖലകളിൽ വിവിധ ആവശ്യങ്ങൾക്ക്‌ ബജറ്റിലെ ബജറ്റിലെ വകയിരുത്തൽ തികയാതെ വരുന്ന സാഹചര്യങ്ങളിലാണ്‌ ഇത്തരത്തിൽ അഡീഷണൽ ഓതറൈസേഷൻ വഴി തുക നൽകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


പൊതുജനാരോഗ്യ മേഖലയ്‌ക്കുള്ള ബജറ്റ്‌ വകയിരുത്തലുകൾ നൽകിയില്ലെന്നും വെട്ടിക്കുറച്ചുവെന്നുമുള്ള തെറ്റായ മാധ്യമ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി പ്രതികരിച്ചത്. തെറ്റായ കണക്കുകളും വാർത്തകളും പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം


പൊതുജനാരോഗ്യ മേഖലയ്‌ക്കുള്ള ബജറ്റ്‌ വകയിരുത്തലുകൾ നൽകിയില്ലെന്നും വെട്ടിക്കുറച്ചുവെന്നുമുള്ള ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമായതാണ്‌.


കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) 9667 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തൽ. അനുവദിച്ചു നൽകിയതാകട്ടെ 9994 കോടി രൂപയും. ചെലവ് 103 ശതമാനം. ചില മേഖലകളിൽ വിവിധ ആവശ്യങ്ങൾക്ക്‌ ബജറ്റിലെ ബജറ്റിലെ വകയിരുത്തൽ തികയാതെ വരുന്ന സാഹചര്യങ്ങളിലാണ്‌ ഇത്തരത്തിൽ അഡീഷണൽ ഓതറൈസേഷൻ വഴി തുക നൽകുന്നത്‌.

നടപ്പു വർഷം 10,432 കോടി രൂപയാണ്‌ ബജറ്റ്‌ വകയിരുത്തൽ. അതിൽ 2504 കോടി രൂപയും കൈമാറിക്കഴിഞ്ഞു. അതായത് മൂന്നു മാസത്തിനുള്ളിൽ ആകെ ബജറ്റ് വകയിരുത്തലിന്റെ നാലിലൊന്ന്‌ തുകയും നൽകിയിട്ടുണ്ട്‌.


ഈ സർക്കാർ അധികാരത്തിൽ വന്ന ആദ്യവർഷം (2021–22) 8266 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തെ നേരിടുന്നതുൾപ്പെടെയുള്ള ചെലവുകൾ നിർവഹിക്കാനായി 11,361 കോടി രൂപ അനുവദിച്ചു നൽകി. 137 ശതമാനമാണ്‌ ചെലവ്‌. 2022–23 ൽ 9425 കോടി രൂപ വകയിരുത്തുകയും 9675 കോടി രൂപ അനുവദിക്കുകയും ചെയ്തു. 103 ശതമാനമാണ്‌ ചെലവ്. 2023–24ൽ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുകയും, എല്ലാ മേഖലയിലും മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്‌തപ്പോഴും ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നില്ല. 9430 കോടി രൂപയുടെ വകയിരുത്തലിൽ 9014 കോടി രൂപയും ചെലവിട്ടു. 96 ശതമാനമാണ് ചെലവ്‌. ബാക്കിവന്ന നാലു ശതമാനം അത്യാവശ്യമല്ലാത്ത ചില കെട്ടിട നിർമ്മാണം പോലെയുള്ളവയ്ക്ക് നീക്കിവെച്ചതാണ്. ആശുപത്രികളും രോഗികളുമായി ബന്ധപ്പെട്ട ഒരു ചെലവിലും ആ വർഷവും കുറവു വരുത്തിയിട്ടില്ല.


ആരോഗ്യ മേഖലയിലെ ചെലുകൾക്ക്‌ ഒരുവിധ ട്രഷറി നിയന്ത്രണവും ബാധകമാക്കാറുമില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 770 തസ്‌തികകളാണ്‌ ആരോഗ്യ മേഖലയിൽ പുതുതായി അനുവദിച്ചത്‌. പല സ്‌പെഷ്യാലിറ്റികളിലും അത്യാധുനിക ചികിത്സാ രീതികൾക്ക്‌ തുടക്കമിട്ടു. റൊബോട്ടിക്‌ സർജറി, പീഡിയാട്രിക്‌ ഗ്യാസ്‌ട്രോ എൻട്രോളജി തുടങ്ങിയവ ഉൾപ്പെടെ ആരംഭിച്ചു.

വസ്തുതകൾ ഇതാണെന്നിരിക്കെ തെറ്റായ കണക്കുകളും വാർത്തകളും പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home