സംസ്ഥാനത്ത് നിപാ സമ്പർക്കപ്പട്ടികയിൽ 571 പേർ

തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 571 പേരാണ് നിപാ സമ്പർക്കപ്പട്ടികയിൽ ഉള്ളതെന്ന് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 62 പേരും പാലക്കാട് 418 പേരും കോഴിക്കോട് 89 പേരും എറണാകുളം, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്.
ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറത്ത് നിന്നുള്ള ഒരാളേയും പാലക്കാട് നിന്നുള്ള രണ്ട് പേരേയും കോഴിക്കോട് നിന്നുള്ള ഏഴ് പേരേയും സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കി. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 27 പേർ ഹൈയസ്റ്റ് റിസ്‌കിലും 78 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നതതല യോഗം ചേർന്നു.
പാലക്കാട് നിപാ നിയന്ത്രണങ്ങൾ നീക്കി
പാലക്കാട് ജില്ലയിൽ നിലവിൽ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 18 വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നിരുന്നാലും ജാഗ്രതയെ മുൻനിർത്തി 2025 ഓഗസ്റ്റ് 1 വരെ ഈ വാർഡുകളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കുകയും മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശം. കൂടാതെ നിലവിൽ ക്വാറന്റീനിൽ തുടരാൻ നിർദ്ദേശിക്കപ്പെട്ട ആളുകൾ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർബന്ധമായും ക്വാറന്റീനിൽ തുടരേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.









0 comments